രാജ്യത്ത് നിയമ, ഭരണ, വാണിജ്യ, ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി.) ഏകീകൃത സമയമാനദണ്ഡമായി ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കി. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നിയമ മെട്രോളജി വകുപ്പ് 2026 ഓഗസ്റ്റ് 27ന് ലീഗല്‍ മെട്രോളജി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) റൂള്‍സ്’ വിജ്ഞാപനം ചെയ്തു. ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി 180 ദിവസത്തിന് ശേഷം ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.
ബാങ്കിങ്, ഡിജിറ്റല്‍ പണമിടപാട്, ടെലികോം, റെയില്‍വേ, വൈദ്യുതി ശൃംഖല, ഡാറ്റാ സെന്ററുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കൃത്യമായ സമയവും ടൈംസ്റ്റാമ്പും നിര്‍ണായകമാണ്. വിവിധ സമയസ്രോതസ്സുകളിലെ ചെറിയ വ്യത്യാസങ്ങള്‍ ഇടപാടുകളുടെ രേഖപ്പെടുത്തലിനെയും സംവിധാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തെയും ബാധിക്കാം. ഏകീകൃത ഇന്ത്യന്‍ സമയക്രമം ഈ പ്രശ്നങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. സൈബര്‍ സുരക്ഷയിലും ഏകീകൃത സമയം പ്രധാനമാണ്. വിവിധ സംവിധാനങ്ങളിലെ സംഭവങ്ങളുടെ സമയക്രമം കൃത്യമായി താരതമ്യം ചെയ്യാനും സൈബര്‍ ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ ഫലപ്രദമാക്കാനും കൃത്യമായ സമയമുദ്രകള്‍ സഹായിക്കും.
ഇന്ത്യയുടെ ഔദ്യോഗിക സമയത്തിന്റെ ശാസ്ത്രീയ അടിത്തറ സി.എസ്.ഐ.ആര്.-നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയാണ്. ആറ്റമിക് ക്ലോക്കുകളുടെ സംയോജനത്തെ അടിസ്ഥാനമാക്കി ദേശീയ ആറ്റമിക് സമയമാനം എന്‍.പി.എല്‍. പരിപാലിക്കുന്നു. അന്താരാഷ്ട്ര കോഓര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈമുമായി ഇത് ഏതാനും നാനോസെക്കന്ഡുകളുടെ കൃത്യതയില്‍ ബന്ധിപ്പിച്ചാണ് നിലനിര്‍ത്തുന്നത്. രാജ്യവ്യാപകമായി സമയസേവനം കൂടുതല്‍ സുരക്ഷിതമായി ലഭ്യമാക്കാന്‍ അഹമ്മദാബാദ്, ബെംഗളൂരു, ഭുവനേശ്വര്‍, ഫരീദാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലെ അഞ്ച് പ്രാദേശിക റഫറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളിലും ദ്വിതീയ സമയമാനദണ്ഡങ്ങള് ഒരുക്കിയിട്ടുണ്ട്.
ഇതിനൊപ്പം നാവിക് (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്സ്റ്റലേഷന്) ഉപഗ്രഹ സംവിധാനത്തിലൂടെയും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം വിതരണം ചെയ്യാനുള്ള സംവിധാനം വികസിപ്പിക്കുന്നു. വിദേശ ഉപഗ്രഹാധിഷ്ഠിത സമയസ്രോതസ്സുകളിലുള്ള ആശ്രിതത്വം കുറച്ച് തദ്ദേശീയ സമയവിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ‘വണ്‍ നേഷന്‍, വണ്‍ ടൈം’ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ പ്രാദേശിക റഫറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയില്‍ വൈറ്റ് റാബിറ്റ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഇന്ത്യന്‍ സമയവിതരണ മാതൃകാ ശൃംഖലയും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ബാങ്കിങ്, ടെലികോം, വൈദ്യുതി, ഗതാഗതം, ഡിജിറ്റല്‍ ഭരണ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇതിന്റെ പ്രയോഗം പരീക്ഷിച്ചു.
പുതിയ ചട്ടങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരില്ല. 180 ദിവസത്തെ ഇടവേളയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കും ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ നടപ്പാക്കാന്‍ സമയം അനുവദിക്കും.














