കാഴ്ചയ്ക്ക് ഭംഗിയും മനസ്സിന് തൃപ്തിയും നല്‍കുന്ന ഭൂമി. അവിടെ മനോഹരമായ ഒരു വീട്. കുടുംബവുമൊത്ത് സന്തോഷപൂർവ്വം ആ വീട്ടിൽ ജീവിക്കാനാകും ഓരോരുത്തരം ആഗ്രഹിക്കുക. അല്ലലില്ലാതെ ജീവിക്കാൻ മാത്രമല്ല, കൈനിറയെ സമ്പാദിച്ച് മുന്നേറുന്നവരാണ് നിങ്ങളെങ്കിൽ അതിനു സഹായകരമാകുന്ന രീതിയിൽ ലക്ഷണമൊത്ത ഭൂമിയിലാകണം ഗൃഹനിർമ്മാണം.

തിരഞ്ഞെടുത്ത ഭൂമി തെക്ക് വടക്ക് ദീര്‍ഘചതുരസ്രമായിരുന്നാല്‍ അവിടെ വീടു നിര്‍മ്മിക്കുന്നത് സര്‍വ്വസിദ്ധിപ്രദമെന്നു പരമ്പരാഗത വാസ്തുവിദ്യ പ്രകാരം പറയാം. വസ്തു സമചതുരാകൃതിയായിരുന്നാല്‍ അത് ധനസമൃദ്ധിയെ പ്രദാനം ചെയ്യും. വൃത്തം തോന്നിക്കുന്ന രീതിയില്‍ കിടക്കുന്ന ഭൂമി ദാരിദ്ര്യത്തെ ക്ഷണിച്ചു വരുത്തും. ത്രികോണാകൃതിയില്‍ കിടക്കുന്ന ഭൂമി രാജഭീതി വളര്‍ത്തുന്നവയാണത്രേ. ഭാരതീയ വാസ്തുവിദ്യയുടെയും നിര്‍മ്മാണകലയുടെയും അടിസ്ഥാന ശാസ്ത്രമായ തച്ചുശാസ്ത്രത്തിന്റെ പ്രധാന ആധാരം തച്ചുശാസ്ത്ര ഗ്രന്ഥങ്ങളും പ്രകൃതിനിയമങ്ങളുമാണ്. മുന്‍കാലങ്ങളില്‍ ഭൂമിയെ നല്ലപോലെ പഠിച്ചതിനുശേഷമാണ് വാസയോഗ്യമായുമുള്ള ഭൂമിയെ ശില്‍പ്പികള്‍ വര്‍ണ്ണോചിതമായി നിശ്ചയിച്ചിരുന്നത്.

രോഗ ക്ലേശങ്ങള്‍ കൂടാതെ ദീര്‍ഘായുസായി ജീവിക്കുന്നതിനു ശില്‍പ്പ ശാസ്ത്ര വിധിയനുസരിച്ച് ശുഭലക്ഷണങ്ങള്‍ തികഞ്ഞ ലക്ഷണമൊത്ത ഭൂമിയില്‍, കണക്കുകള്‍ക്കു ഭംഗം വരാതെ, ശാസ്ത്രവിധിയനുസരിച്ച് നിര്‍മ്മിക്കുന്ന ഗൃഹത്തില്‍തന്നെ വേണം താമസിക്കുവാശെനന്നു പഴമക്കാര്‍ പറയും. തിരഞ്ഞെടുക്കുന്നത് ഉത്തമമായ സ്ഥലമെങ്കില്‍ ചുറ്റുപാടും മനുഷ്യവാസവും ഗോക്കള്‍, കാലാകാലങ്ങളായി സമൃദ്ധമായി പൂവ്വും കായും തരുന്ന വൃക്ഷലതാദികള്‍, പാലുള്ള വൃക്ഷങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമെന്നാണ് ഗ്രന്ഥങ്ങളിലെ വര്‍ണ്ണന.

സമനിരപ്പുള്ള ഭൂമിക്കു കിഴക്കോട്ട് അല്‍പ്പം ചരിവുള്ളതും കണ്ടാല്‍ കൗതുകം തോന്നുന്നതുമെങ്കില്‍ ഉത്തമമത്രേ. വിത്തിട്ടാല്‍ മൂന്നു നാളുകള്‍ കൊണ്ടു മുളയ്ക്കുന്നതും വലതുവശത്തുകൂടി നദീജല പ്രവാഹമുള്ളതുമാകയാല്‍ നല്ലത്. ഒരു കോണ്‍ സമചതുരത്തിനു ഒരു കോല്‍ കുഴി കുഴിച്ചശേഷം ആ മണ്ണുകൊണ്ടുതന്നെ കുഴിനികത്തിയാല്‍ മണ്ണുശേഷിക്കുന്നതും വെള്ളം വറ്റാത്തതും ശീതോഷ്ണസ്ഥിതിക്കു വലിയ വ്യത്യാസം സംഭവിക്കാത്തതും ശുദ്ധവായു ലഭിക്കുന്നതുമായിരിക്കണം ഗൃഹനിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കുന്ന പുരയിടം.

ശ്മശാനം, നെല്‍പ്പാടം, മല, അമ്പലം, പാറക്കൂട്ടം, സമുദ്രം, താപസഗൃഹം മുതലായവ അടുത്ത് ഉണ്ടായിരിക്കരുത്. ഇപ്രകാരമുള്ള ശുഭാശുഭങ്ങള്‍ക്ക് വിപരീതമായ ഭൂമി നിന്ദ്യമാണ്. എന്നാൽ ശുഭാശുഭങ്ങള്‍ സമ്മിശ്രമായിരിക്കുന്ന ഭൂമി നിവൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ സ്വീരിക്കാമെന്നും ശാസ്ത്രം സമ്മതിക്കുന്നുണ്ട്. ഏറ്റവു നിഷിദ്ധമായിരിക്കുന്ന ഭൂമിയിലും ഗൃഹം നിര്‍മ്മിച്ച് ആറു വര്‍ഷം വരെ താമസിക്കാം. വലിയ അസുഖങ്ങള്‍ക്കും ഇടവരില്ലായിരിക്കാം. പക്ഷേ കാലാവധിക്കുശേഷം സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്കു അവസാനമുണ്ടാകുകയില്ല. അതിനാല്‍ ഭൂമിയുടെ ഗണദോഷങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകതന്നെ വേണമെന്നു പരമ്പരാഗത വാസ്തുവിദ്യാ ഗ്രന്ഥങ്ങളില്‍ പറയുന്നു.

‘വാസയോഗ്യമതല്ലാത്ത
ഭൂമിയില്‍ വീടുവയ്ക്കിലോ
നരകതുല്യമായി തീരും
ക്രമേണ ഗൃഹജീവിതം’ – ഒരു ശ്ലോകം ഇങ്ങനെയാണ് പറയുന്നത്.

ഭൂമിയുടെ നിമ്‌നോന്നതി ചരിവ് നീരോട്ടം എന്നിവ ശ്രദ്ധിക്കേണ്ടതാണ്.

ഗൃഹനിര്‍മ്മാണത്തിനു നിശ്ചയിക്കുന്ന ഭൂമിയുടെ ആകൃതി മൂന്നുകോണെങ്കില്‍ അതു വര്‍ജ്ജിക്കണം. പഞ്ചകോണം, ഷട്‌കോണം എന്നിവയും ഉത്തമമല്ല. വൃത്താകാരം, അര്‍ദ്ധചന്ദ്രകാരം, ശൂലം, മുറം ഇവയുടെ ആകൃതി, ഗോമുഖാകൃതി എന്നിങ്ങനെയുള്ള ഭൂമിയും മത്സ്യ കൂര്‍മ്മാദികളുടെ പുറം പോലെയിരിക്കുന്ന ഭൂമിയും ഉഴുതുനോക്കിയാല്‍ ചാരം, കരിക്കട്ട, ഉമി, എല്ല്, ചിതല്‍, പുറ്റ് തുടങ്ങിയവ കാണുന്ന സ്ഥലവും ഗൃഹനിര്‍മ്മാണത്തിനു നിഷിദ്ധമാണ്. നടുവ് അഥവാ മദ്ധ്യം താണതും ഉള്ളില്‍ പോതുള്ളതുമായ ഭൂമിയും ഗൃഹനിര്‍മ്മാണത്തില്‍ നിഷിദ്ധമാണത്രേ. കിഴക്കുഭാഗം താഴ്ന്നും പടിഞ്ഞാറുഭാഗം ഉയര്‍ന്നുമിരിക്കുന്ന ഭൂമി ഐശ്വര്യനായകമാണത്രേ. തിരിച്ച്, കിഴക്കുഭാഗം ഉയര്‍ന്നും പടിഞ്ഞാറുഭാഗം താഴ്ന്നുമിരിക്കുന്ന ഭൂമി പുത്രനാശവും ദാരിദ്ര്യവും അനുഭവസിദ്ധമാകുന്നതിനാല്‍ വര്‍ജ്ജിക്കേണ്ടതാണ്.

തെക്കുഭാഗം താഴ്ന്നതും വടക്കുഭാഗം ഉയര്‍ന്നുമിരിക്കുന്ന ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ താമസിക്കുന്നത് ധനനാശവും മൃതൃു ദു:ഖവും വരുത്തിതീര്‍ക്കും. തെക്കു ഭാഗം ഉയര്‍ന്നും വടക്കുഭാഗം താഴ്ന്നും കിടക്കുന്ന ഭൂമിയിലെ വീട് ധനധാന്യസമ്പല്‍ സമൃദ്ധിപ്രദാനമായിരിക്കുമെന്നതിനാല്‍ ഉത്തമമത്രേ. അഗ്നികോണു താഴ്ന്നും വായുകോണുയര്‍ന്നും കിടക്കുന്ന ഭൂമിയിലാണ് ഗൃഹനിര്‍മ്മാണമെങ്കില്‍ അതു അഗ്നിഭയത്തെയും ദാരിദ്ര്യത്തെയും ക്ഷണിച്ചുവരുത്തുമത്രേ. അഗ്നികോണുയര്‍ന്നും വായുകോണു താഴ്ന്നുമിരിക്കുന്ന ഭൂമി സാമ്പത്തിക ദുരിതവും സഞ്ചാരക്ലേശങ്ങള്‍ക്കും ഹേതുഭൂതകമാണെങ്കിലും ഒരു ശതായുസ്സ് അവിടെ കുഴപ്പമില്ലാതെ ജീവിക്കാം.

നിരുര്‍തി കോണുയര്‍ന്നും ഈശാനകോണു താഴ്ന്നുമിരിക്കുന്ന ഭൂമി വിജ്ഞാന സമ്പല്‍ സമൃദ്ധിദായകമാകയാല്‍ ഗൃഹനിര്‍മ്മാണതത്തിനു ഉത്തമമാണ്. നിരുര്‍തി കോണു താഴ്ന്നതു ഈശാനകോണു ഉയര്‍ന്നുമിരിക്കുന്ന ഭൂമി രോഗ ദുരിത ദരിദ്രജാതമാണെന്നത്രേ മതം. ആകയാല്‍ വര്‍ജ്ജിക്കണമെന്നാണ് ഉപദേശം. മദ്ധ്യഭാഗം താഴ്ന്നിരിക്കുന്നതായ ഭൂമിയില്‍ വീടുവയ്ക്കുന്നതു ക്രമേണ ധനനാശത്തിലേക്കും അന്യദേശവാസത്തിലേക്കും നയിക്കും. മദ്ധ്യഭാഗം ഉയര്‍ന്നതെങ്കില്‍ താമസിക്കുന്നവര്‍ക്ക് ധനനാശം, ബന്ധനം തുടങ്ങിയ വിപത്തുകളെ അഭിമുഖീകരിക്കേണ്ടി വരും.

ഭൂമിയുടെ തെക്ക് തുടങ്ങി വായുകോണു വരെ ഉയര്‍ന്ന നിലയിലും കോണോടു കോണായിക്കിടക്കുന്ന ഭൂമി ഉത്തമമാണ്. ഇത്തരം ഭൂമിയില്‍ വീടു പണിതു താമസിക്കുന്നത് ഐശ്വര്യ സമ്പല്‍സമൃദ്ധിയും ദീര്‍ഘായുസ്സും പ്രദാനം ചെയ്യും. തെക്കു വടക്ക് വീതി കുറഞ്ഞതും കിഴക്കു പടിഞ്ഞാറു വീതി കൂടി ദീര്‍ഘചതുരാകൃതിയില്‍ കിടക്കുന്ന ഭൂമി വീടുവയ്ക്കുന്നതിനു അനുയോജ്യമല്ല. ആയതിനാല്‍ ഇത്തരം ഭൂമി മതില്‍ കെട്ടിയോ കയ്യാലവച്ചോ സമചതുരമായി ആകൃതിപ്പെടുത്തി വേണം വീടുവയ്ക്കാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here