Health Desk | ശസ്ത്രക്രിയക്കു പിന്നാലെ വൃക്ക മനുഷ്യശരീരത്തിൽ സ്വാഭാവികമായി പ്രവർത്തിച്ചു തുടങ്ങി. 271 ദിവസത്തോളം ഒരു തടസ്സവുമില്ലാതെ അവയവം 66 കാരൻ്റെ ശരീരത്തിൽ രക്ത ശുദ്ധീകരണം നടത്തി. പന്നിയിൽ നിന്ന് മാറ്റിവെച്ച വൃക്ക മനുഷ്യശരീരത്തിൽ പ്രവർത്തിച്ച ഏറ്റവും ദൈർഘ്യമേറിയ സമയവും ഇതിലൂടെ കുറിച്ചു.

അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിനാണ് യുഎസിലെ മാസ് ജനറൽ ബ്രിഗാം ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ പരീക്ഷണ വിജയം വഴി തുന്നത്. ടൈപ്പ്-2 പ്രമേഹം മൂലം വൃക്കകൾ പൂർണമായും പ്രവർത്തനരഹിതമായ ടൈം ആൻഡ്രൂസ് (66) എന്ന യുഎസ് പൗരനിലായിരുന്നു പരീക്ഷണം. മനുഷ്യന്റെ വൃക്ക ലഭിക്കുന്നതുവരെ രോഗിക്ക് സമയം നേടിക്കൊടുക്കുന്ന ‘ബ്രിഡ്ജ് ട്രാൻസ്‌പ്ലാന്റ്’ എന്ന രീതിയുടെ സാധ്യതയാണ് ഇതിലൂടെ ഉയർന്നു വരുന്നത്. പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ പ്രവർത്തിക്കുകയും വൃക്കയുടെ പ്രവർത്തനക്ഷമത നിലനിർത്തുകയും ചെയ്തതാണ് പ്രധാന നേട്ടമെന്ന് വിദഗ്ധർ പറയുന്നു.

സാധാരണ ഒരു പന്നിയുടെ വൃക്ക നേരിട്ട് മനുഷ്യശരീരത്തിൽ വച്ചുപിടിപ്പിക്കാൻ സാധിക്കില്ല. മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥ ആ അവയവത്തെ ഒരു അന്യവസ്തുവായി നിമിഷങ്ങൾക്കകം തിരിച്ചറിയുകയും ആക്രമിച്ചു നശിപ്പിക്കുകയും ചെയ്യും. രക്തം കട്ടപിടിച്ച് മിനിറ്റുകൾക്കകം അവയവം പ്രവർത്തനരഹിതമാവുകയാണ് പതിവ്.

ഈ വെല്ലുവിളി മറികടക്കാൻ ‘യൂക്കാട്ടൻ മിനിയേച്ചർ’ ഇനത്തിൽപ്പെട്ട പ്രത്യേക പന്നികളിൽ ശാസ്ത്രജ്ഞർ 69 ഘട്ടങ്ങളുള്ള ജനിതക മാറ്റങ്ങൾ വരുത്തി. പ്രതിരോധ ആക്രമണം തടയാനായി മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥ തിരിച്ചറിയുന്ന പന്നി കോശങ്ങളിലെ ചില ഘടകങ്ങൾ നീക്കം ചെയ്തു. ഇതോടൊപ്പം മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥയിൽ നിന്ന് ഒളിച്ചിരിക്കാൻ സഹായിക്കുന്ന രീതിയിൽ ‘ഹ്യൂമൻ ഡിഎൻഎ’ പന്നിയുടെ ജനിതക ഘടനയിൽ ഉൾപ്പെടുത്തി. വൈറസ് ഭീഷണി ഒഴിവാക്കാൻ പന്നിയുടെ ഡിഎൻഎയിൽ ഒളിഞ്ഞിരിക്കുന്ന വൈറസുകൾ മനുഷ്യരിലേക്ക് പടരുന്നത് തടയാനുള്ള തിരുത്തലുകൾ വരുത്തി. എന്നാൽ, വൃക്ക മാറ്റിവച്ചതിന് പിന്നാലെ 14-ാം ദിവസം ശരീരം അവയവത്തെ നിരസിക്കുന്നതിന്റെ ആദ്യ സൂചനകൾ പ്രകടിപ്പിച്ചു. എന്നാൽ ഡോക്ടർമാർ ചികിത്സയിലൂടെ ഈ പ്രതിരോധപ്രതികരണം നിയന്ത്രിച്ചു. പന്നിയിൽ നിന്നുള്ള രോഗാണുക്കൾ മനുഷ്യനിലേക്ക് പകരുന്നതിന്റെ തെളിവുകളും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്.

വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് ഇത്തരം സാങ്കേതികവിദ്യ ഭാവിയിൽ പുതിയ സാധ്യത തുറക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വൃക്കകൾ മാത്രമല്ല, പന്നിയുടെ കരൾ, ശ്വാസകോശം, പാൻക്രിയാറ്റിക് ഐലറ്റ് കോശങ്ങൾ, ത്വക്ക് തുടങ്ങിയവയും മനുഷ്യരിൽ ഉപയോഗിക്കാനുള്ള സാധ്യതയിൽ ഗവേഷണം നടക്കുന്നു. ദാതാക്കളിൽ നിന്നുള്ള അവയവങ്ങളെ മാത്രം ആശ്രയിക്കുന്ന നിലവിലെ സംവിധാനത്തിന് പകരമായി ഭാവിയിൽ പന്നിയുടെ അവയവങ്ങൾ അധിക സ്രോതസ്സായി മാറാമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here