തിരുവനന്തപുരം | ഈ വർഷം ഇതുവരെ 15 പേരാണ് കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ ഒഴികെ മറ്റാരും വാക്സിനേഷൻ (പി.ഇ.പി.) സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പി.ഇ.പി. സ്വീകരിച്ചിട്ടും ആറുപേർ മരിച്ചിരുന്നു. ഈ വർഷം ഇതുവരെ അത്തരത്തിലുള്ള മരണം ഒന്നു മാത്രമാണെന്ന് ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ശിൽപ്പശാല വിലയിരുത്തി. മുറിവ് ഉടൻ കഴുകുന്നതിലെ വീഴ്ചയും പേവിഷബാധാ മരണത്തിന് കാരണമാകുന്നുണ്ടെന്ന് ദേശീയ പേവിഷനിയന്ത്രണ പരിപാടി സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്. ഹരികുമാർ പറഞ്ഞു.

മൃഗങ്ങളിൽ നിന്നുള്ള കടിയോ പോറലോ ഏറ്റാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾ വളരെ നിർണായകമാണ്. കൃത്യമായ സമയത്ത് പ്രഥമശുശ്രൂഷയും വാക്സിനേഷനും സ്വീകരിക്കുന്നതിലെ വീഴ്ച്ച മരണത്തിലേക്ക് തള്ളി വിടുകയും ചെയ്യും. പേവിഷബാധ (Rabies) ഉണ്ടായി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം 100% മരണം ഉറപ്പാണെന്നു മറക്കരുത്. കൃത്യമായ സമയത്ത് പ്രഥമശുശ്രൂഷയും വാക്സിനേഷനും (PEP) നൽകിയാൽ ഇത് ഒഴിവാക്കാൻ സാധിക്കും.

കടിയോ പോറലോ ഏറ്റാൽ മുറിവ് കുറഞ്ഞത് 10 മുതൽ 15 മിനിറ്റ് വരെ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കഴുകണം. സോപ്പിലുള്ള ആൽക്കലിക്ക് വൈറസിനെ നശിപ്പിക്കാൻ ശേഷിയുണ്ട്. കഴുകിയ ശേഷം പോവിഡോൺ-അയോഡിൻ (Povidone-iodine) അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ആന്റിസെപ്റ്റിക് മുറിവിൽ പുരട്ടുക. ആശുപത്രിയിലെത്തിയ ശേഷവും ഈ നടപടി ആവർത്തിക്കുന്നത് ചികിത്സയുടെ ഭാഗമാക്കണമെന്ന് ശിൽപ്പശാലയിൽ നിർദ്ദേശം ഉയർന്നു.
അടിസ്ഥാനപരമായ വീഴ്ചകൾ പരിഹരിക്കുന്നത് പി.ഇ.പി.യുടെ ഫലപ്രാപ്തി വർധിപ്പിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here