ലോകത്തെ ഇപ്പോഴത്തെ താപസൂചിക റാങ്കിംഗ് കണ്ടാൽ ആഗോള താപനത്തിൻ്റെ പ്രഭവകേന്ദ്രം ഇന്ത്യയാണെന്ന് തോന്നിപോകും. അതൊരു തോന്നൽ മാത്രമല്ല. രാജ്യത്തെ താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.

AGI.in പുറത്തുവിട്ട ഏപ്രിൽ 24 ലെ കണക്കുകൾ പ്രകാരം, ആഗോള തലത്തിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ 100 നഗരങ്ങളിൽ 95 എണ്ണവും ഇന്ത്യയിലാണ്. മധ്യ ഇന്ത്യ മുതൽ സിന്ധു – ഗംഗാ സമതലങ്ങൾവരെ, ഡസൻ കണക്കിനു നഗരങ്ങളിലെ താപനില 40 ഡിഗ്രി കടന്നു. പലയിടത്തും 45 ഡിഗ്രിയിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്ര, തെലങ്കാന, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് താപനില.

പ്രധാന നഗരങ്ങൾക്ക് പുറമേ ചെറു പട്ടണങ്ങളും പട്ടികയിൽ ഉൾപ്പെട്ടത് ഉഷ്ണതരംഗ സാഹചര്യം എത്രമാത്രം വ്യാപകവും ആഴമേറിയതുമാണെന്ന് വ്യക്തമാക്കുന്നതാണ്. വരണ്ട കാറ്റ്, മേഘാവരണം കുറവ്, മഴ യഥാസമയം ലഭിക്കാത്തത് തുടങ്ങിയവയാണ് അതിജീവ ചൂടിന്റെ പ്രധാന കാരണങ്ങളായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. ആകാശത്ത് മേഘ സാന്നിദ്ധ്യമില്ലാത്തതിനാൽ സൂര്യപ്രകാശം ദീർഘനേരം നേരിട്ട് ഭൂമിയിൽ പതിക്കുന്നു. ഹിമാലയത്തിൽ മഞ്ഞുവീഴ്ച കുറഞ്ഞതും താപനില ഉയരാൻ കാരണമായിട്ടുണ്ട്.

47.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ യു.പിയിലെ ബന്ദ നഗരമാണ് ചൂടിൻ്റെ കാര്യത്തിൽ മുന്നിൽ. യു.പിയിലെ ബിന്ദ്കി,ഔറയ്യ,ഫത്തേപൂർ,ഇറ്റാവ,മൊറാദാബാദ്,കൃപാലു ധാം മംഗർ,ഉൻചഹാർ,പ്രയാഗ് രാജ്,പശ്ചിമബംഗാളിലെ ബാങ്കുര നഗരങ്ങളിൽ 46 ഡിഗ്രി രേഖപ്പെടുത്തി.ആഗോള താപനില ഉയരുന്നതിനനുസരിച്ച് ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യവും തീവ്രതയും കൂടുകയാണ്. തീവ്ര ഉഷ്ണതരംഗങ്ങൾ ആവർത്തിക്കുന്നതിലെ ഇടവേള കുറഞ്ഞു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here