തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജ്ഞാപനം ഇറക്കി, പൗരത്വ ഭേദഗതി നിയമം നടപ്പാക്കി

ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പൗരത്വ നിയമ ഭേദഗതി കേന്ദ്രം നടപ്പാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

2019 ഡിസംബറിലാണ് സിഎഎ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണു നിലവില്‍ വന്നത്. കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണു നിര്‍ണായക പ്രഖ്യാപനം. അസമില്‍ വന്‍തോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിലേക്കു തിരിച്ചുവിളിപ്പിച്ചാണ് സിഎഎ പ്രഖ്യാപനം നടത്തിയത്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.

2020 ജനുവരി 10-ന് ഭേദഗതി നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നു സിഎഎ പ്രാബല്യത്തില്‍ വന്നതിനുപിന്നാലെ മമത ബാനര്‍ജി പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here