ന്യൂഡല്‍ഹി | പെട്ടിപൊട്ടിച്ചപ്പോള്‍ കിട്ടയതുവച്ച് കണക്കുകൂട്ടുകയാണ് നേതാക്കള്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 240 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രാഹുല്‍ ഗാന്ധിയുടെ രണ്ടു മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 99 സീറ്റുകളുമായി കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്.

നിലവിലെ സമവാക്യത്തില്‍ എന്‍.ഡി.എയ്ക്ക് 292 സീറ്റുകള്‍ ഉണ്ട്. നിതീഷ് കുമാറും (12)) ചന്ദ്രബാവു നായിഡു(16)വിന്റെയും പാര്‍ട്ടികളുടെ സീറ്റുകള്‍ ഇതിലുള്‍പ്പെടും. മുന്നണി സമവാക്യത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ മോദിക്ക് മൂന്നാമതും പ്രധാനമന്ത്രിയാകാം. എന്നാല്‍, ഇതാദ്യമായി കൂട്ടുകക്ഷി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിന് അനുഭവയോഗ്യമാകും. മുന്നണിയുടെ ഭാഗമല്ലാതെ ജയിച്ച പതിനെട്ടോളം പേരില്‍ നിന്നുള്ളവരെയും ചേരിയിലെത്തിക്കാം.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭായോഗം ഇന്ന് ചേരും. പുതിയ സര്‍ക്കാരിന് അധികാരം കൈമാറാനുളള നടപടികള്‍ പൂര്‍ത്തിയാക്കും. രാഷ്ട്രപതി ഭവന്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിയാകുമോ മോദിയെന്ന് ഉടനെ വ്യക്തമാകും. പാര്‍ലമെന്ററി പാര്‍ട്ടിയോഗങ്ങളും എന്‍.ഡി.എ മുന്നണി യോഗവും ഉടന്‍ ചേരും.

മറുചേരിയായ ഇന്ത്യയിലും ചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചാല്‍, നേരിടേണ്ടിവരുന്ന നിലനില്‍പ്പിനെപ്പോലും ബാധിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിതീഷ് കുമാറിനെയും ചന്ദ്രബാബുവിനെയും എത്തിച്ച് മാന്ത്രിക സംഖ്യ തികയ്ക്കാനുള്ള ശ്രമം ഒരുവശത്തു കൂടി നടത്തുന്നുണ്ട്. അതേസമയം, ബി.ജെ.പിയുടെ കുതന്ത്രങ്ങളില്‍ സ്വന്തം പാളയത്തില്‍ നിന്ന് ആര് ആദ്യം പോകുമെന്ന ആശങ്കയും അവിടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here