സംവിധായകനും നിര്‍മ്മാതാവിനും ഇടയിലെ വഴക്കിന് പുതിയ മാനം നല്‍കി ‘വഴക്ക്’ സിനിമയുടെ പ്രിവ്യൂ കോപ്പി സമൂഹ മാധ്യമത്തിലെത്തി. വിമിയോയില്‍ അപ്‌ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യൂ കോപ്പി ലിങ്ക്, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.
പ്രോക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമയെന്നും കാണണമെന്നുള്ളവര്‍ക്ക് കാണാമെന്നുമുള്ള അടിക്കുറുപ്പോടെയാണ് സനല്‍കുമാറിന്റെ നടപടി. തന്റെ വിമിയോ അക്കൗണ്ടില്‍ രണ്ട് വര്‍ഷം മുമ്പ് അപ്‌ലോഡ് ചെയ്ത ലിങ്കാണ് പുറത്തുവിട്ടിരിക്കുന്നത്.
വഴക്കിന്റെ ഒടിടി/തിയറ്റര്‍ റീലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ടൊവിനോ തോമസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. സിനിമയുടെ റിലീസിനു നിര്‍മ്മാതാവു കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനല്‍കുമാറിന്റെ പരാതി. ചിത്രം തീയറ്ററുകളില്‍ പരാജയപ്പെടുമോയെന്ന ഭയമാണ് ഇതിനു പിന്നിലെന്നും സനല്‍ കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ വാസതവിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ കൂടി രംഗത്തെത്തിയതോടെ തര്‍ക്കം രൂക്ഷമായിരുന്നു. സംവിധായകന്റെ സോഷ്യല്‍ സ്റ്റാറ്റസിന്റെ പ്രശ്‌നം കൊണ്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ ചിത്രം നിരാകരിക്കുകയാണെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.
2022ല്‍ പൂര്‍ത്തിയാക്കിയ വഴക്കില്‍ കനി കുസൃതിയാണ് നായിക. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്‌കാരം തന്മയ്ക്കു ലഭിച്ചിരുന്നു.