സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കൊടിയ പീഡനം, അധികൃതരുടെ നിലപാടുകളില്‍ ദുരൂഹത, അന്വേഷണത്തിനു പ്രത്യേക സംഘം വന്നേക്കും

വയനാട് | പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയായ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. നേതാക്കള്‍ കീഴടങ്ങി തുടങ്ങി. സിദ്ധാര്‍ത്ഥന്‍ നാലു ദിവസത്തോളം ക്രൂരമര്‍ദ്ദനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായത് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാട് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

എസ്എഫ്ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാനും എന്നിവരാണ് കല്‍പറ്റ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തും. പോലീസിന്റെ ലിസ്റ്റു പ്രകാരം ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്.

എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആര്‍.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബില്‍ഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു നേരത്തെ പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ബി.വി എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ക്രിമിനല്‍ ഗൂഢാലോചന ശരിവെക്കുന്ന തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്.

അതേസമയം, രാഷ്ട്രീയ സംരക്ഷണത്തിലാണു പ്രതികളുള്ളതതെന്നു സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി. ജയപ്രകാശ് പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും കിട്ടിയില്ലെന്ന് സിദ്ധാര്‍ഥന്റെ അമ്മ എം.ആര്‍. ഷീബ പറഞ്ഞു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ, സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി.

LEAVE A REPLY

Please enter your comment!
Please enter your name here