കരയിലോ കടലിലോ ഒരു ജീവിപോലും ഇല്ലാത്ത ഭൂമിയെക്കുറിച്ച് ചിന്തിച്ചു നോക്കിയേ. അത്തരമൊരു അവസ്ഥയിലേക്ക്, ജീവജാലങ്ങളില്ലാത്ത ഭൂമിയുടെ അവസാനത്തെക്കുറിച്ച് ചില കണ്ടെത്തലുകള്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
അടുത്ത 250 ദശലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം ഒരു മഹാദുരന്തം സംഭവിക്കുമെന്നും അതില്‍ ഭൂമി പൂര്‍ണ്ണമായും നശിക്കുമെന്നും ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ പഠനത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത് ഭൂമിയുടെ താപനില 70 സിഗ്രി സെല്‍ഷ്യസില്‍ എത്തും.
മനുഷ്യന്‍ അടക്കം മറ്റൊന്നും ഭൂമിയില്‍ അവശേഷിക്കില്ല. അത്തൊരു താപനിലയില്‍ ഒരു ജീവജാലത്തിനും അതിജീവിക്കാന്‍ കഴിയില്ലെന്നാണ് കമ്പ്യൂട്ടര്‍ സിമുലേഷന്‍ നടത്തികൊണ്ട് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിലെ കാര്‍ബണിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഭൂമിയെ നാശത്തിലേക്ക് വേഗം എത്തിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. സമാനമായ ഒരു സാഹചര്യം 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പും ഉണ്ടായെന്നും അതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായെന്നും അനുമാനിക്കുന്നുണ്ട്.
ചരിത്രം പരിശോധിക്കുമ്പോള്‍, ഏകദേശം 300 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും ഒരു വലിയ സമുദ്രത്താല്‍ ചുറ്റപ്പെട്ട് ഒരുമിച്ചായിരുന്നു. അതായിരുന്നു പാനജിയ. ഇതിനു രൂപമാറ്റം സംഭവിച്ചാണ് ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങള്‍ രൂപപെട്ടതെന്നാണ് പറയുന്നത്. അതുപോലെ 250 ദശലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം ഭൂമി വീണ്ടും ഒരൊറ്റ ഭൂഖണ്ഡമായി മാറുമെന്നും പാന്‍ജിയ ആള്‍ട്ടിമയെന്ന ഭൂഖണ്ഡം രൂപപ്പെടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇതോടെ ഭൂമിയിലെ ചൂട് കൂടാന്‍ തുടങ്ങും. ഒടുവില്‍ വരണ്ട് അവസാനം വാസയോഗ്യമല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള അഗ്നിപര്‍വതങ്ങള്‍ ഈ ഘട്ടത്തില്‍ പൊട്ടിത്തെറിക്കും. അതോടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഇളവ് കൂടുകയും ഭക്ഷണവും ജലസ്രോതസുകളും ഓക്‌സിജനുമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. പാന്‍ജിയ ആള്‍ട്ടിമയുടെ വടക്കന്‍ ഭാഗങ്ങള്‍ മാത്രമേ വാസയോഗ്യമായ സ്ഥലം കാണപ്പെടുകയുള്ളൂവെന്ന് ഗവേഷണ സംഘത്തിന്റെ മേധാവി അലക്‌സാണ്ടര്‍ ഫാര്‍ണ്‍സ്വര്‍ത്ത് പറയുന്നു. ഇദ്ദേഹത്തിന്റെ പഠനം 2023ല്‍ നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.