സയൻസ് ഡസ്ക്ക് l ഒരിക്കൽ കൂടി ഭൂമിയുടെ അത്യപൂർവ്വമായ ഒറ്റ ഫ്രെയിമിലുള്ള ചിത്രം പകർത്താൻ, മറ്റൊരു ദൗത്യത്തിനായി 53 വർഷം കാത്തിരിക്കേണ്ടി വന്നു. അതിനു സാധിച്ച ആർട്ടെമീസ് 2 സംഘത്തിനു അഭിനന്ദനം. ഹലോ വേൾഡ് എന്നാണ് മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ പകർത്തിയ ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്.
നീല നിറത്തിൽ പടർന്നു കിടക്കുന്ന അറ്റ്ലാൻ്റിക് സമുദ്രവും വശത്തുകൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിനും താഴെ വലതുവശത്തായി തിളങ്ങുന്ന ശുക്രനേയും ചിത്രത്തിൽ കാണാം. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു പേടകത്തെ പുറത്തെത്തിക്കുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ ബേൺ പൂർത്തിയാക്കിയശേഷമാണ് ചിത്രങ്ങൾ പകർത്തിയതെന്ന് നാസ വ്യക്തമാക്കി. 53 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1972-ലെ അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസണ്‍ ഷ്മിറ്റാണ് ഭൂമിയുടെ ഇത്തരത്തിലുള്ള ഒരു ചിത്രം പകര്‍ത്തിയത്. ബ്ലൂ മാര്‍ബിള്‍ എന്നറിയപ്പെടുന്ന ആ ചിത്രം ചരിത്രപ്രസിദ്ധമാണ്.

54 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ്, 2026 ൽ മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. നാല് പേരെയും വഹിച്ച് എസ്എല്‍എസ് റോക്കറ്റ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നു ഏപ്രിൽ ഒന്നിനു കുതിച്ചുയർന്നു. എസ്എല്‍എസ് എന്ന ഭീമന് റോക്കറ്റില്‍ ഒറയോണ്‍ യാത്രാപേടകത്തിലാണ് യാത്ര. മിഷന് കമാന്‍ഡര്‍ നാസയുടെ റെയ്ഡ് വൈസ്മാന്, മിഷന് പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന് സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറെമി ഹാന്സന് എന്നിവരാണ് ആ പേടകത്തിലുള്ളത്. വിക്ഷേപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു മാറി ചന്ദ്രൻ്റെ അരികിലേക്ക് പേടകം യാത്ര തുടങ്ങി. 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയെങ്കില് ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറെയോണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരും.
മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്തത്രയും ദൂരത്തില്‍ ദൗത്യത്തിന്റെ ഒരു ഘട്ടത്തില്‍ ഒറയോണെത്തും. ചരിത്രത്തിൻ്റെ നെറുകയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ യാത്രയെക്കുറിച്ച് ഒരുകൂട്ടം സംശയങ്ങൾക്കുള്ള ഉത്തരമാണ് പ്രീയപ്പെട്ട വായനക്കാർ റൗണ്ടപ്കേരള. കോമിൻ്റെ ചാറ്റ് കണക്ടിൽ ആവശ്യപ്പെട്ടത്. അവർക്കായി ബഹിരാകാശ യാത്രികരുടെയും യാത്രയുടെയും ചില വിശേഷങ്ങൾ കൂടി പറയാം.
- വിക്ഷേപിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കമാൻഡർ റീഡ് വൈസ്മാൻ ഒരു കാര്യം തിരിച്ചറിഞ്ഞു. പേടകത്തിലെ പേഴ്സണൽ കമ്പ്യൂട്ടിംഗ് ഡിവൈസുകളിൽ ഉപയോഗിക്കുന്ന ഔട്ട് ലുക്ക് പ്രവർത്തിക്കുന്നില്ല. ഭൂമിയിലുള്ള വിദഗ്ധരുടെ സഹായം അദ്ദേഹം തേടി. ഭൂമിയിൽ നിന്നുതന്നെ നാസ ഈ പ്രശ്നം പരിഹരിച്ചു. ബഹിരാകാശ ദൗത്യത്തിനിടയിലുള്ള ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഭൂമിയിൽ നിന്നുതന്നെ പരിഹരിക്കാനാകും എന്നതിൻ്റെ കൂടി തെളിവാണ് ഈ സംഭവം. പേടകത്തിനുള്ളിൽ ഉണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ സംഘാംഗങ്ങൾ തന്നെ പരിഹരിച്ചുവെന്നും നാസ വെളിപ്പെടുത്തി.
- ഭൂമിയുടെ ഭ്രമണപഥം വിട്ട് മനുഷ്യൻ ആദ്യമായി ചന്ദ്രനിലേക്ക് യാത്ര ചെയ്തത് അപ്പോളോ 8 ദൗത്യത്തിലായിരുന്നു. ചന്ദ്രനിലേക്കു വഴി വെട്ടിത്തുറന്ന ഒരു വലിയ യാത്രയായിരുന്നു ഇത്. പാത്ത്ഫൈൻഡർ ഗണത്തിൽപ്പെടുത്തിയുള്ള അപ്പോളോ 8 ദൗത്യത്തിനു 1968 ഡിസംബർ 21 ന് ഫ്രാങ്ക് ബോർമൻ, ജയിംസ് ലവൽ, വില്യം ആൻഡേഴ്സ് എന്നിവർ പറന്നുയരുമ്പോൾ യുഎസിൽ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നത് യാദൃശ്ചികം മാത്രം. ഇന്ന് അമേരിക്ക ഇറാനിൽ മറ്റൊരു യുദ്ധത്തിൻ്റെ നടുവിലാണ്. അപ്പോളോ 8 യാത്ര ക്രിസ്മസിനു മുമ്പായിരുന്നെങ്കിൽ ആർട്ടിമിസ് യാത്ര ഈസ്റ്റർ ആഘോഷങ്ങൾക്കിടയാണ്. ചന്ദ്രൻ്റെ ചക്രവാളത്തിൽ നിന്നു ഭൂമി ഉദിച്ചുയരുന്ന, അന്ന് എടുത്ത ചിത്രം ‘എർത്ത് റൈസ്’ ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ ഒന്നാണ്.
- ഓറിയൺ പേടകത്തിൽ നേരത്തെ വിശദീകരിച്ച യാത്രികർക്കൊപ്പം മറ്റൊരാളും കൂടിയുണ്ട്. നാസ പുറത്തുവിട്ട ദൃശ്യങ്ങളിൽ റൈസിനെ കാണാം. ഒരു പാവയാണ്. ഗുരുത്വ ബല സ്വാധീനം പൂർണമായി ഇല്ലാതെയാകുമ്പോൾ ഈ പാവകൾ ഒഴുകി നടക്കാൻ തുടങ്ങും. ഇതോടെ ബഹിരാകാശമെത്തിയെന്ന് യാത്രികർക്ക് ബോധ്യമാകും. സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്റർ എന്നാണ് ഇവയെ വിളിക്കുന്നത്. കാലിഫോണിയയിലെ ലൂക്കാ യി എന്ന എട്ടു വയസ്സുകാരനാണ് ബാസ്ബോൾ തൊപ്പിയുമൊക്കെയായി റൈസിനു രൂപം നൽകിയത്. നാസ നടത്തിയ ഡിസൈൻ മത്സരത്തിൽ ലൂക്ക ജയിച്ചതോടെയാണ് റൈസിന് ടിക്കറ്റ് ലഭിച്ചത്.
- യാത്രികരുടെ ഭക്ഷണക്രമം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 189 തരം ഭക്ഷണസാധനങ്ങൾ പേടകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നവ, കൂടുതൽ നാൾ കേട് വരാതെ ഇരിക്കുന്നവ, പാക്കറ്റ് തുറന്നു നേരിട്ട് കഴിക്കാൻ സാധിക്കുന്നവർ എന്നിങ്ങനെ തരംതിരിച്ചാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോഫി, ഗ്രീൻ ടീ, ലെമണൈഡ്, ആപ്പിൾ സൈഡർ തുടങ്ങി പത്തിലധികം ഡ്രിങ്കുകൾ മെനുവിലുണ്ട്. ദൗത്യത്തിനിടെ ഏകദേശം 43 കപ്പ് കാപ്പി സഞ്ചാരികൾ കുടിക്കുമെന്നാണ് നാസ കണക്കുകൂട്ടിയിരിക്കുന്നത്. കൂടാതെ പുഡിങ്, കേക്ക്, കുക്കീസ്, ചോക്ലേറ്റ് തുടങ്ങിയ ഐറ്റങ്ങളും ഉണ്ട്. സാധാരണ ബ്രഡ് ഉപയോഗിച്ചാൽ അതിലെ പൊടി പേടകത്തിനുള്ളിലെ യന്ത്രങ്ങൾക്ക് തകരാർ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ 58 ടോർട്ടിലകൾ ദൗത്യത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. രുചി കൂട്ടാൻ അഞ്ചുതരം സോസുകൾ ലഭ്യമാണത്രേ.
- ദൗത്യത്തിനു ആർട്ടിമിസ് എന്നു പേരുവരാൻ കാരണം ഒരു ഗ്രീക്ക് ദേവതയാണ്. അപ്പോളോ ദേവന്റെ സഹോദരിയും സീയുസ് ദേവന്റെയും ദേവിയുടെയും മകളാണ് ആര്‍ട്ടിമിസ്. അപ്പോളോ ദൗത്യങ്ങളുടെ പിന്തുടർച്ചയെന്ന നിലയിലാണ് ആർട്ടിമിസ് എന്നു പേരു നൽകിയതെന്നാണ് റിപ്പോർട്ട്.














