ദോഹ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ടു മുന്‍ നാവികസേന ഉദ്യോഗസ്ഥരെ ഖത്തര്‍ മോചിപ്പിച്ചു. ഇവരില്‍ ഏഴു പേര്‍ നാട്ടിലേക്കു മടങ്ങി. ഖത്തറിന്റെ സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദശിക്കാനിരിക്കെയാണ്.

നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റന്‍മാരായ നവ്തേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ് എന്നിവരെ മോചിപ്പിക്കാനാണ് ഖത്തര്‍ അമീര്‍ ഉത്തരവിട്ടത്. ഇവരെ വെറുതേവിട്ട ഖത്തര്‍ അമീറിന്റെ നിലപാടില്‍ ഇന്ത്യ നന്ദി അറിയിച്ചു.

ഡിസംബറില്‍ ഇവരുടെ വധശിക്ഷ ഖത്തര്‍ അപ്പീല്‍ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റില്‍ 8 പേരും അറസ്റ്റിലായതു മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി. പൂര്‍ണേന്ദു തിവാരിയാണ്ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയരക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്ര റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.

2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ടുപേരെയും ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. അല്‍ ദഹ്‌റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തര്‍ തിരിച്ചയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍ നാവികസേനയ്ക്കായി ഇറ്റാലിയന്‍ കമ്പനി ഫിന്‍സാന്റിയറി നിര്‍മിക്കുന്ന അന്തര്‍വാഹിനി സംബന്ധിച്ച വിവരങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് 8 പേര്‍ക്കും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഒമാന്‍ സ്വദേശി ഖാമിസ് അല്‍ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റമെന്നു ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നജ്മിയെ പിന്നീടു ജാമ്യത്തില്‍ വിട്ടിരുന്നു.

പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

  • In a significant diplomatic triumph, New Delhi has successfully secured the release of eight Indian Navy veterans who had been incarcerated in Qatar. The Ministry of External Affairs announced that seven of the veterans have returned to India. During their imprisonment, these veterans endured difficult legal circumstances, a situation that placed considerable strain on them and their families. This development marks a considerable relief for all involved and a notable accomplishment for Indian diplomacy.

LEAVE A REPLY

Please enter your comment!
Please enter your name here