ജക്കാർത്ത | ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 37 മരണം. ഒരു ഡസനിലധികം പേരെ കാണാതായിട്ടുണ്ട്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നദികളിൽ വെള്ളപ്പൊക്കവുംപലയിടത്തും ഉരുൾപൊട്ടലുണ്ടായി.

വെള്ളപ്പൊക്കത്തിനൊപ്പം അഗ്നിപർവ്വതത്തിന്റെ തണുത്ത ലാവയും പടർന്നു പ്രവഹിക്കുകയായിരുന്നു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മഴയത്ത് അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ ഒഴുകുന്ന അഗ്നിപർവ്വത പദാർത്ഥങ്ങളുടെയും ഉരുളൻ കല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവാപ്രവാഹമാണ് ദുരന്തകാരണം. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10:30 ന് പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാർ ജില്ലകളിൽ പ്രകൃതി ദുരന്തമുണ്ടായതായി സർക്കാർ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 37 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതവും ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ സജീവമായ 130 അഗ്നിപർവ്വതങ്ങളിലൊന്നുമായ മറാപ്പി പർവതത്തിൽ നിന്നുള്ള തണുത്ത ലാവയാണ് ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ താഴേക്ക് ഒഴുകിയത്.




LEAVE A REPLY

Please enter your comment!
Please enter your name here