തിരുവനന്തപുരം | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലുള്ള സ്വര്‍ണ്ണത്തില്‍ നിന്ന് 500 കിലോ ബാങ്കില്‍ നിക്ഷേപിക്കാന്‍ നടപടി തുടങ്ങി. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ജനുവരിയോടെ ബാങ്കില്‍ നിക്ഷേപിക്കാനാണ് ആലോചന.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് സ്വര്‍ണ്ണം ബാങ്കിലേക്ക് മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ജ് തീരുമാനം എടുത്തത്. ഇതിനായി വീണ്ടും കണക്കെടുപ്പ് തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴില്‍ 1252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണമുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 500 കിലോ എസ്.ബി.ഐയിലേക്കു മാറ്റാനാണ് ഒരുവര്‍ഷം മുന്‍പ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

സ്വര്‍ണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടരശതമാനം പലിശകിട്ടുന്ന റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും അനുമതി നല്‍കിയിരുന്നു.

ശബരിമലയിലെ സ്വര്‍ണത്തില്‍ രണ്ടാം പരിശോധന നടന്നിട്ടില്ല. തിരുവാഭരണം കമ്മിഷണര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഫിസിക്കല്‍ വെരിഫിക്കേഷനുള്ള ചുമതല. ഇത് നവംബര്‍ 15-നകം പൂര്‍ത്തിയായാല്‍ ഓഡിറ്റ് വിഭാഗവും എസ്.ബി.ഐയും വീണ്ടും പരിശോധിച്ച് സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തും. ജനുവരിയോടെ ബാങ്കിലേക്കു മാറ്റാനായേക്കും.

സ്വര്‍ണ നിക്ഷേപം വഴി ദേവസ്വം ബോര്‍ഡിന് നല്ലൊരു തുക വരുമാനമായി ലഭിക്കും. 62,500 പവനാണ് എസ്.ബി.ഐ.യിലേക്കു മാറ്റുന്നത്. ഇപ്പോഴത്തെ വിപണിവില അനുസരിച്ച് ഏകദേശം 370 കോടി രൂപയോളം മൂല്യമാണ് കണക്കാക്കുന്നത്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായും നടയ്ക്കുവെച്ചതുമായ സ്വര്‍ണം മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്. ഈ സ്വര്‍ണങ്ങളുടെ ക്വാളിറ്റി വിലയിരുത്തി തരംതിരിച്ചിട്ടുണ്ട്.

പൗരാണികമൂല്യമുള്ളവ എയിലും നിത്യപൂജകള്‍ക്കും ഉത്സവം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്നവ ബിയിലുമാണ്. രണ്ടിലുംപെടാത്ത സി വിഭാഗത്തിലുള്ള സ്വര്‍ണമാണ് ബാങ്കിലേക്കു മാറ്റുന്നത്. വെള്ളിയാഭരണങ്ങളും നിക്ഷേപപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൊച്ചി, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡുകളും സ്വര്‍ണനിക്ഷേപപദ്ധതി നടപ്പാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here