ആലപ്പുഴ | പ്രതിപക്ഷനേതാവ് വി.ഡി. സതീശനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ചെന്നിത്തല ആഞ്ഞടിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ അത്തരത്തില്‍ കാണണമെന്നും ചെന്നിത്തല പറഞ്ഞു. അന്‍വറുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൂട്ടായി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി വി അന്‍വര്‍ സമീപ മാസങ്ങളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പുതിയതല്ലെന്നും യുഡിഎഫ് നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും ചെന്നിത്തല വിശദീകരിച്ചു. ‘ആ സാഹചര്യത്തിലാണ് അന്‍വറുമായി ഇടപഴകാന്‍ യുഡിഎഫ് ആദ്യം ആലോചിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം ഞാനും ചര്‍ച്ച നടത്തി’ – ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അന്‍വറിനെ അറിയിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി പ്രഖ്യാപിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാനോ യുഡിഎഫുമായി യോജിക്കുന്ന നിലപാട് സ്വീകരിക്കാനോ അന്‍വര്‍ തയ്യാറായില്ല. തിനാല്‍, ഐക്യമുന്നണി എന്ന നിലയില്‍ യു.ഡി.എഫ് അന്‍വറുമായി ഇനി ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു,” ചെന്നിത്തല വ്യക്തമാക്കി.
മെയ് 2 ന് നടന്ന യു.ഡി.എഫ് യോഗമാണ് അന്‍വറുമായി അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. ”യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരായാലും അന്‍വര്‍ പിന്തുണ നല്‍കുമെന്ന വിശ്വാസമുണ്ടായിരുന്നു. ആ പ്രതീക്ഷ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നിലമ്പൂരില്‍ വെറും 1,700 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഇത്തവണ അത് മറികടന്ന് നിര്‍ണായക വിജയം നേടാനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം ശക്തമായ ഒരു സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും നിലമ്പൂര്‍ ആ അതൃപ്തിയെ പ്രതിഫലിപ്പിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.