ചെന്നൈ | സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു… ഐപിഎല്ലില്‍ മൂന്നാമതും കിരീടം ഉയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 57 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കൊല്‍ക്കത്തയുടെ എട്ടു വിക്കറ്റ് വിജയം.
ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത വീണ്ടും ഐപിഎല്‍ ജയിക്കുന്നത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുന്‍പ് കിരീടമുയര്‍ത്തിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ്, 18. 3 ഓവറില്‍ വെറും 113 റണ്‍സിനു പുറത്തായി. ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഹൈദരാബാദിന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ മടങ്ങി. 19 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍മാരായ റഹ്‌മാനുല്ല ഗുര്‍ബാസും (32 പന്തില്‍ 39), സുനില്‍ നരെയ്‌നും (രണ്ട് പന്തില്‍ ആറ്) മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ പുറത്തായ ബാറ്റര്‍മാര്‍. യുവതാരം വെങ്കിടേഷ് അയ്യര്‍ (26 പന്തില്‍ 52) അര്‍ധ സെഞ്ചറിയുമായി പുറത്താകാതെനിന്നു.