മുംബൈ | ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റന്‍. ഡല്‍ഹിയുടെ മലയാളി താരം കരുണ്‍ നായര്‍ എട്ടു വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഹര്‍ഷിത് റാണയെയും സര്‍ഫ്രാസ് ഖാനെയും ഇത്തവണ ഒഴിവാക്കി. ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയ്ക്കു പകരക്കാരനായാണ്, ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനാകുന്നത്.
രോഹിത് ശര്‍മയും വിരാട് കോഹ് ലിയും വിരമിച്ച സാഹചര്യത്തില്‍ പുതു തലമുറ ടീമിനെയാണ്, ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയ്ക്കായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇടങ്കൈയന്‍ ബാറ്റ്സ്മാന്‍ സായി സുദര്‍ശന്‍ ഇംഗ്ലണ്ടില്‍ കന്നി ടെസ്റ്റ് കളിക്കും.