സംസ്ഥാനം

പെന്‍ഷന്‍ പ്രായം 60 ആക്കില്ല | സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ ശിപാര്‍ശ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തള്ളി. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

ക്ഷേമപെന്‍ഷന്‍ വാങ്ങി 1458 സര്‍ക്കാര്‍ ജീവനക്കാര്‍ | രണ്ടു കോളജ് പ്രൊഫസര്‍മാരും മൂന്നു ഹയര്‍ സെക്കന്‍ഡറി അധ്യാപകരും അടക്കം 1458 പേര്‍ സര്‍ക്കാര്‍ കടം വാങ്ങി വിതരണം ചെയ്യുന്ന 1600 രൂപ ക്ഷേമ പെന്‍ഷന്‍ വാ്ങ്ങി. ഇവരെ കൂടാതെ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരും ഹൈക്കോടതി ജീവനക്കാരുമെല്ലാം പട്ടികയിലുണ്ടെന്നാണ് വിവരം. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പണം തിരികെ പിടിക്കാനും ധനമന്രതി കെ.എന്‍. ബാലഗോപാല്‍ നിര്‍ദ്ദേശം നല്‍കി.

വി.സി നിയമനത്തില്‍ വീണ്ടും ഗവര്‍ണറുടെ വെട്ട് | ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ ചുമതല ഡോക്ടര്‍ സിസ തോമസിനും കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിനും നല്‍കി. രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനല്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പാനല്‍ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവര്‍ണര്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരിക്കുന്നത്. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടര്‍ സിസയ്‌ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കണ്ണൂര്‍ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനര്‍ നിയമനം നല്‍കിയതു റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍, വിസി നിയമനം ചാന്‍സിലറുടെ അധികാരമാണെന്നും സര്‍ക്കാര്‍ ഇടപെടരുതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തല്‍ ഹൈക്കോടതിയില്‍ നിന്ന് വ്യക്തത വരുത്തിക്കൊണ്ടാണ് ഗവര്‍ണറുടെ പുതിയ നീക്കം.

എഡിഎമ്മിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണം | എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹമരണത്തില്‍ പ്രത്യേക പോലീസ് സംഘം നടത്തുന്ന അന്വേഷണത്തിന്റെ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. സി.ബി.ഐയ്ക്കടക്കം നോട്ടീസുമയച്ചു. അതേസമയം, പോലീസ് സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. അന്വേഷണം തുടരട്ടെയെന്നും കുറ്റപത്രം സമര്‍പ്പിച്ചാലും കോടതിക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്നും പറഞ്ഞു. ഹര്‍ജി ഡിസംബര്‍ ആറിന് വീണ്ടും പരിഗണിക്കും.

കുടുംബശ്രീ സിഡിസ് അംഗങ്ങള്‍ക്ക് യാത്രാബത്ത | കുടുംബശ്രീ മിഷനില്‍ സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഒഴികെയുള്ളയുള്ളവര്‍ക്ക് പ്രതിമാസം 500 രൂപ വീതമായിരിക്കും യാത്രാബത്ത അനുവദിക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങള്‍ക്കു യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

അങ്കം തോറ്റതിനു മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്ത് | പാലക്കാട്ടെ തോല്‍വിയില്‍ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്റെ ഭീഷണി. സുരേന്ദ്രന്റെ ഭീഷണിയില്‍ പ്രതിഷേധവും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി.

ദേശീയം

വേഗത്തില്‍ സ്ഥലമേറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയോട ആവശ്യപ്പെട്ട് റെയില്‍വേ | കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി അശ്വിനി വൈഷണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാല്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് റയില്‍വേമന്ത്രിയുടെ കത്തില്‍ പറയുന്നു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്. നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

വഖഫ് ബില്‍ ശീതകാല സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി | ശീതകാല സമ്മേളനത്തില്‍ വഖഫ് ബില്‍ പരിഗണിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. അദാനി വിവാദത്തെ ചൊല്ലി ഇന്നലേയും പാര്‍ലമെന്റ് സ്തംഭിച്ചു. വഖഫ് നിയമഭേദഗതിയിലെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന യോഗം പ്രതിപക്ഷ പ്രതിഷേധത്തില്‍ ബഹളമയമായി. നിലവില്‍ വിവാദ വിഷയങ്ങളൊന്നും പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

ദേശീയം

മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയ | കനത്ത മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനം. ദക്ഷിണ കൊറിയ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ മെറ്റീരിയോളജിക്കല്‍ അഡ്മിനിസ്ട്രേഷന്റെ കണക്ക് പ്രകാരം 1907-ല്‍ ആധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്.

ലെബനനില്‍ വെടിനിര്‍ത്തി | ഗാസ യുദ്ധത്തിന്റെ ഭാഗമായി ഇസ്രയേലും ലബനനിലെ ഹിസ്ബുള്ളയും തമ്മില്‍ ആരംഭിച്ച സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം.

കായിക ലോകം

ഗുകേഷിന് ആദ്യജയം | ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.

ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു | ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്സ്വാള്‍ രണ്ടാമതെത്തി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here