തിരുവനന്തപുരം | സിനിമാ മേഖലയിലെ മോശം പെരുമാറ്റങ്ങളെ ഗുരുതരമായ വിഷയങ്ങളായി കാണുന്നതിനുപകരം സ്ത്രീകള്‍ അവയെ ‘മാനേജ്’ ചെയ്യാന്‍ പഠിക്കണമെന്ന് നിര്‍ദ്ദേശിച്ച നടി മാല പാര്‍വതിയുടെ പ്രസ്താവനയ്‌ക്കെതിരേ നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് നടി മാല പാര്‍വതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയത്.

”മാല പാര്‍വതി, നിങ്ങള്‍ ഒരു പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമാണ്, എന്നിട്ടും നിങ്ങള്‍ ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! ഇത് നിങ്ങള്‍ ഒരു അവസരവാദിയാണെന്ന് കാണിക്കുന്നു… വളരെ സങ്കടകരമാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല,” – ഇതായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.

നടന്‍ ൈഷന്‍ടോം ചാക്കോ അപമര്യാദയായി പെരുമാറിയതിനെതിരേ നടി വിന്‍സി അലോഷ്യസ് ഉയര്‍ത്തിയ പ്രതിഷേധത്തോട് മാലപാര്‍വ്വതി നടത്തിയ പരാമര്‍ശമാണ് ആദ്യം വിവാദമായത്. പിന്നേട് മാല പാര്‍വ്വതി മാപ്പുപറയുകയും ചെയ്തു. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, സ്ത്രീകള്‍ ഈ സാഹചര്യങ്ങളെ ഗൗരവമുള്ള വിഷയങ്ങളായി കണക്കാക്കുന്നതിനുപകരം ‘മാനേജ്’ ചെയ്യാന്‍ പഠിക്കണമെന്നായിരുന്നൂ മാലാ പാര്‍വ്വതി ഉപദേശിച്ചത്. ഇതോടെയാണ് നടി രഞ്ജിനി മാലയ്‌ക്കെതിരേ രംഗത്തെത്തുന്നത്.

‘സിനിമയിലെ ചിലര്‍ക്ക് ഒരു ലളിതമായ തമാശ പോലും മനസ്സിലാകില്ല… ഇക്കാലത്ത്, ആരെങ്കിലും ‘നിങ്ങളുടെ ബ്ലൗസ് ഞാന്‍ ശരിയാക്കട്ടെ’ അല്ലെങ്കില്‍ ‘ഞാന്‍ അവിടെ വരട്ടെ?’ എന്ന് പറഞ്ഞാല്‍ അത് വലിയൊരു സമ്മര്‍ദ്ദമായി മാറുന്നു, എല്ലാം തകര്‍ന്നുവീഴുന്നതായി തോന്നുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? – ഇത്തരത്തിലായിരുന്നൂ മാലയുടെ പ്രതികരണം. സ്ത്രീകള്‍ ഈ മേഖലയില്‍ നിലനില്‍ക്കണമെങ്കില്‍, അവര്‍ കട്ടിയുള്ള ചര്‍മ്മം വളര്‍ത്തിയെടുക്കണമെന്നും മാല ഉപദേശിച്ചു. ‘ഓരോ ചെറിയ സംഭവത്തെയും ഒരു വലിയ കാര്യമായി നമ്മള്‍ കണക്കാക്കിയാല്‍, സ്ത്രീകള്‍ ഈ വ്യവസായത്തില്‍ എങ്ങനെ സ്വയം നിലനില്‍ക്കും?’ – ഇത്തരത്തില്‍ നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ നിസാരവത്ക്കരിച്ചതോടെയാണ് മാലാ പാര്‍വ്വതിയെ സോഷ്യല്‍മീഡിയാ പഞ്ഞിക്കിട്ടത്. എന്നാല്‍ ഇതാദ്യമായാണ് മലയാള സിനിമയിലെ മറ്റൊരു നടി പരസ്യമായി മാല പാര്‍വ്വതിക്കെതിരേ പ്രതികരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here