ന്യൂഡല്‍ഹി എഴുപതാമതു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ ചിത്രം വ്യക്തമായി. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകളില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇനിയില്ല.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി വാര്‍ത്താവിതരണ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയില്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട സമിതി നല്‍കിയ ശിപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ നടപടി. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ ഇനി മുതല്‍ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്‌കാരമായിരുന്നു നര്‍ഗീസ് ദത്തിന്റെ പേരില്‍ സമ്മാനിച്ചിരുന്നത്.

ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തുകയിലും ഇത്തവണ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്‌കാര തുക നേരത്തേ സംവിധായകനും നിര്‍മാതാവും പങ്കിടുന്ന പതിവായിരുന്നു. ഇനി മുതല്‍ സംവിധായകനു മാത്രമാകും തുക ലഭിക്കുക. സിനിമാരംഗത്തു നല്‍കുന്ന പരമോന്നത പുസ്‌കാരമായ ബാബാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തില്‍നിന്ന് 15 ലക്ഷമായി ഉയര്‍ത്തി. മികച്ച സംവിധായകന്‍, ചലച്ചിത്രം എന്നിവയ്ക്കു നല്‍കുന്ന സ്വര്‍ണകമലം പുരസ്‌കാരത്തുക എല്ലാവിഭാഗത്തിലും 3 ലക്ഷം രൂപയാക്കി. രജതകമലം പുരസ്‌കാരങ്ങള്‍ക്ക് 2 ലക്ഷം രൂപയുമാക്കി പരിഷ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here