കൊച്ചി | കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവരുടെ ഫാഷന്‍ ട്രെന്‍ഡും ഗ്‌ളാമറുമെല്ലാം പേരുകേട്ടതാണ്. ഐശ്വര്യാറായ് അടക്കം നിരവധി ബോളിവുഡ് താരങ്ങള്‍ റെഡ് കാര്‍പെറ്റില്‍ മിന്നിമറഞ്ഞിട്ടും ലോക ശ്രദ്ധയാകര്‍ഷിച്ചത് രാജസ്ഥാനില്‍ നിന്നുള്ള മോഡലും നടിയുമായ രുചി ഗുജ്ജാര്‍ എന്ന 34 കാരിയാണ്.
2023-ലെ മിസ് ഹരിയാന കിരീടമണിഞ്ഞ രുചി ഗുജ്ജാര്‍ പരമ്പരാഗത രാജസ്ഥാനി വധുവിന്റെ വേഷം ധരിച്ചാണ് കാനില്‍ എത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് മറ്റൊന്നിലായിരുന്നു. നെഞ്ചത്ത് അണിഞ്ഞ ഒരു മാല.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് മിനിയേച്ചര്‍ ഛായാചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ആ മാല ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
രാജസ്ഥാനിലെ പരമ്പരാഗത ശൈലിയിലുള്ള സ്വര്‍ണ്ണ ലെഹങ്കയാണ് രുചി ധരിച്ചത്. ഒപ്പം മോഡിയുടെ മാല അണിഞ്ഞതിലൂടെ സദസ് ഒന്നടങ്കം രുചി ഗുജ്ജാറിനെ പിന്‍തുടര്‍ന്നു. ”രാജസ്ഥാന്റെ ആത്മാവിന്റെ സത്തയാണ് ഈ ദുപ്പട്ട. ഈ മാല ഫാഷനേക്കാള്‍ ഇന്ത്യന്‍ ദര്‍ശനത്തിന്റെയും അന്താരാഷ്ട്ര വേദിയിലെ ഇന്ത്യയുടെ ഉയര്‍ച്ചയുടെയും പ്രതീകമാണ്. നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയ നമ്മുടെ പ്രധാനമന്ത്രിക്ക് ആദരവ് അര്‍പ്പിക്കാനാണ് കാന്‍ വേദിയില്‍ ഇത് ധരിച്ചെതെന്നും രുചി മാധ്യമങ്ങളോട് പറഞ്ഞു.
”ലോകം ഇന്ത്യയെ കാണുന്ന രീതിയെ തന്നെ പ്രധാനമന്ത്രി മോദി പുനര്‍നിര്‍മ്മിച്ചു. ആ അഭിമാനത്തോടെ നടക്കാനും രാജസ്ഥാനെയും മുഴുവന്‍ രാജ്യത്തെയും ഈ വേദിയില്‍ പ്രതിനിധീകരിക്കാനും ഞാന്‍ ആഗ്രഹിച്ചു. എനിക്ക് ഇത് വെറുമൊരു വ്യക്തിപരമായ നിമിഷമായിരുന്നില്ല, മറിച്ച് ഇന്ത്യന്‍ സ്വത്വത്തെക്കുറിച്ചുള്ള ലോകത്തിന് ഒരു സന്ദേശമായിരുന്നു.” – രുചി ഗുജ്ജാറിന്റെ ഈ വാക്കുകളും ലോകം കേട്ടതോടെ ക്യാന്‍ വേദിയിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ വരവും നിഷ്പ്രഭമായി.
സ്ത്രീകള്‍ സിനിമാ മേഖലയില്‍ കരിയര്‍ പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കപ്പെടാത്ത പരമ്പരാഗത സമുദായമാണ് ഗുജ്ജാര്‍. അവിടെനിന്നും ബോളിവുഡില്‍ എത്തുക എളുപ്പമായിരുന്നില്ല രുചിക്ക്. സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചുള്ള ആളുകളുടെ മനോഭാവം മാറ്റുക എളുപ്പമായിരുന്നില്ലെന്നും എന്റെ സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നൂവെന്നും രുചി പറഞ്ഞു.
‘ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ടെന്നും അതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നൂവെന്നും രുചി പറയുന്നു. മോദി മാലയണിഞ്ഞ് ലോക ശ്രദ്ധനേടിയ ചിത്രങ്ങള്‍ പങ്കുവച്ചതോടെ രുചിയുടെ ഇന്‍സ്റ്റഗ്രം അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ദിവസങ്ങള്‍ കൊണ്ട് 4 ലക്ഷത്തിലധികം ഫോളോവേഴ്സാണ് രുചിക്ക് ലഭിച്ചത്. നിലവില്‍ എട്ടുലക്ഷത്തിലധികമായി മാറിയിരിക്കയാണ് ആരാധകരുടെ എണ്ണം.