തിരുവനന്തപുരം | ചുട്ടുപൊള്ളിയ ദിവസങ്ങള്‍ക്കു ശേഷം കേരളത്തെ കുതിര്‍ക്കാന്‍ മഴ ദിവസങ്ങളെത്തി. മിക്ക ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു തുടങ്ങി. വേനല്‍ മഴയ്ക്കു പിന്നാലെ കാലവര്‍ഷവും ആരംഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പാണ് പുറത്തു വന്നിട്ടുള്ളത്.
ചൊവ്വാഴ്ച വരെയാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
നഗരപ്രദേശങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി വേണ്ടിവന്നാല്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും, അടച്ചുറപ്പില്ലാത്ത വീടുകളിലും, മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു. അതിതീവ്രമഴയില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാനും നിര്‍ദേശമുണ്ട്.
മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാനുമുള്ള സാധ്യത കൂടുതലാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍, അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ കൈക്കൊള്ളണം. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമില്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുകയും റോഡപകടങ്ങളില്‍ ജാഗ്രതപുലര്‍ത്തുകയും വേണം.
ജലാശയങ്ങള്‍ക്ക് മുകളില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. വൈദ്യതി ലൈനുകള്‍ പൊട്ടി വീണുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.