സംസ്ഥാനം
കാലാവസ്ഥ | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. കേരളത്തിന് വലിയ ഭീഷണില്ല. എന്നാല്‍ മൂന്നു ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന കര്‍ശനമാക്കും | തൃശൂര്‍ നാട്ടികയില്‍ ക്ലീനര്‍ ഓടിച്ച ലോറി ഇടിച്ച് അഞ്ചു നാടോടികള്‍ മരിച്ച ദാരുണസംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മുതലമടയില്‍ സ്ഥിരതാമസമാക്കിയ നാടോടികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. അപകടത്തില്‍പ്പെട്ടവര്‍ക്കുളള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. രാത്രികാല വാഹന പരിശോധന കര്‍ശനമാക്കാനും ലോറികളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
എഡിഎമ്മിന്റെ മരണം കൊലപാതകം ആകാം, സിബിഐ വരണമെന്ന് കുടുംബം | കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ എസ്.എ.ടിക്ക് അടിമുടി വീഴ്ചയാണ്. നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹര്‍ി ഇന്ന് പരിഗണിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുരളീധരന്‍ കൊഞ്ചേരിയില്ലവും പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
മീന്‍കറിയില്‍ ഉപ്പും പുളിയുമില്ലത്രേ, പന്തീരാങ്കാവില്‍ ഭാര്യയ്ക്ക്് വീണ്ടും മര്‍ദ്ദനം | വിവാദമായ പന്തീരങ്കാവ് മര്‍ദ്ദന കേസില്‍ വീണ്ടും വഴിത്തിരിവ്. ഹൈക്കോടതി റദ്ദാക്കിയ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയെ മീന്‍കറിയില്‍ ഉപ്പും പുളിയുമില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയ്ക്ക് ഭര്‍തൃവീട്ടില്‍ വീണ്ടും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു.
ശബരിമലയിലെ പതിനെട്ടാം പടിയിലെ പോലീസ് ഫോട്ടോ ഷൂട്ട് വിവാദം | ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്ത സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എന്നാല്‍, ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വിഷയത്തില്‍ എഡിജിപി സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ മടങ്ങുന്നതിനു മുമ്പാണ് പോലീസുകാര്‍ പതിനെട്ടാം പടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. ശബരിമലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് തടയാനാകില്ലെങ്കിലും തിരുമുറ്റത്തും സോപാനത്തിനു മുന്നിലും ഭക്തര്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകനം ഡിസംബര്‍ ആദ്യം | വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് അവലോകനം ഡിസംബര്‍ ആറ്, ഏഴു തീയതികളില്‍ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ നടക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
അദാദിക്കു പിന്നാലെ ടാറ്റയ്ക്കും കോടികളുടെ പിഴ ഇളവ് | വിഴിഞ്ഞം തുറമുഖം പദ്ധതി വൈകിച്ച അദാനിക്കു കോടികളുടെ പിഴ ഒഴിവാക്കിയതിനു പിന്നാലെ ടെക്‌നോപാര്‍ക്കില്‍ പാട്ടത്തിന് അനുവദിച്ച 94 ഏക്കറിലെ പദ്ധതി നടത്തിപ്പില്‍ ടാറ്റാ കണ്‍സല്‍റ്റന്‍സിയുടെ കരാര്‍ ലംഘനത്തിനു 45.38 കോടി രൂപ പിഴയിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു.
ദേശീയം
ആരുടെയും അധികാരത്തില്‍ കടന്നുകയറിയിട്ടില്ലെന്ന് മോദി | ഭരണഘടനയുടെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരുടെയും അധികാരത്തിലേക്ക് കടന്നുകറയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനാ ദിനാഘോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
തമിഴ്‌നാട്ടില്‍ കനത്ത മഴ | ചെന്നൈ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലര്‍ട്ടാണ്. മഴ ശക്തമായ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കല്‍, കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലാണ് അവധി. മഴ ശക്തമായതോടെ സംസ്ഥാനത്ത് നിന്നുള്ള വിമാനയാത്രയും പ്രതിസന്ധിയിലാണ്.
കെ.എം. ഷാജിക്കെതിരായ കേസുകള്‍ തള്ളി | മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി, മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരായ കൈക്കൂലിക്കേസും കള്ളപ്പം വെളുപ്പിക്കല്‍ കേസും റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
യുവതിയെ കൊലപ്പെടുത്തിയ ആണ്‍ സുഹൃത്തിനായി തിരച്ചില്‍ | ബെംഗളൂരു ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ ആണ്‍സുഹൃത്ത്, കണ്ണൂര്‍ തോട്ടട സ്വദേശി ആരവ് ഹനോയിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. ബ്യൂട്ടി കെയര്‍ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്ന വ്‌ലോഗറായ അസം ഗുവാഹത്തിയിലെ കൈലാഷ് നഗര്‍ സ്വദേശിനിയായ മായ ഗോഗോയാണ് കൊല്ലപ്പെട്ടത്.