സംസ്ഥാനം
കാലാവസ്ഥ | ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഈ മാസം 16വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സീ പ്ലെയില്‍ കൊച്ചിയില്‍ പറന്നിറങ്ങി | ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും കോര്‍ത്തിണക്കിയുള്ള സി പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കല്‍ തുടങ്ങി. ഡിഹാവിലന്‍ഡ് എന്ന കനേഡിയന്‍ കമ്പനിയുടെ ആംഫിബിയന്‍ വിമാനം കൊച്ചിയുടെ കായല്‍ത്തിരകളില്‍ ഇന്നലെ വന്നിറങ്ങി. ഇന്ന് രാവിലെ ബോള്‍ഗാട്ടി പാലസില്‍ പരീക്ഷ ഓട്ടത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 11 മണിയോടെ മൂന്നാര്‍ മാറ്റുപ്പെട്ടി ഡാമില്‍ പറന്നിറങ്ങുന്ന വിമാനത്തെ മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ സ്വീകരിക്കും.
നടപടി പറയുമ്പോഴും പി.പി.ദിവ്യയെ പൂര്‍ണ്ണമായും തള്ളാതെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി | എഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പൂര്‍ണ്ണമായും തള്ളാതെ സി.പി.എം ജില്ലാ കമ്മിറ്റി. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ദിവ്യയുടെ ആരോപണത്തില്‍ രണ്ടു പക്ഷമുണ്ടെന്നും അതിനാല്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. ദിവ്യയ്ക്കെതിരായ സംഘടനാ നടപടി സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയ ശേഷം ആദ്യമായാണ് ജില്ലാനേതൃത്വത്തിന്റെ പ്രതികരണം. നവീന്‍ കുടുംബത്തിനൊപ്പമെന്ന് സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുമ്പോഴാണ് കണ്ണൂര്‍ സി.പി.എം ദിവ്യയെ ചേര്‍ത്തുപിടിക്കുന്നത്. പെരിങ്ങോം ഏരിയാ പൊതുയോഗത്തില്‍ ദിവ്യയ്ക്കെതിരായ പാര്‍ട്ടി നടപടികള്‍ അക്കമിട്ട് നിരത്തിയ ശേഷമാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.
പ്രശാന്തിനും ഗോപാലകൃഷ്ണനും എതിരെ നടപടിക്കു ശിപാര്‍ശ | ഐഎസ് ഉദ്യോഗസ്ഥപ്പോര് സര്‍ക്കാരിനു തലവേദന. കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെയും വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കി. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ നിരന്തരം ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്ന പ്രശാന്ത് അച്ചടക്കം ലംഘിക്കുകയാണ്. ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ മതാധിഷ്ഠിത വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന്റെ പേരിലാണ് ഗോപാലകൃഷ്ണനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
മുനമ്പം വഖഫ് ഭൂമി സമരം സംസ്ഥാനതലത്തിലേക്ക് | വഖഫ് നിയമത്തിന്റെ ഇരകളായ മുനമ്പത്തെ 614 കുടുംബങ്ങള്‍ നടത്തുന്ന ഭൂസംരക്ഷണസമരം സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്നു. ലത്തീന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടക്കുന്നസമരത്തിന് സിറോമലബാര്‍ സഭയും പിന്തുണ പ്രഖ്യാപിച്ചു.
രണ്ടിടത്ത് ഇന്ന് കൊട്ടികലാശം | വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ആവേശക്കൊടുമുടിയേറിയ ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്നു വൈകുന്നേരം കൊട്ടികലാശം. വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണം. നാളെ നിശബ്ദ പ്രചാരണം. ബുധനാഴ്ച വോട്ടെടുപ്പ്.
സിപിഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ വീഡിയോ | പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജില്‍ വന്നത് പാര്‍ട്ടിയെ വെട്ടിലാക്കി. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകളില്‍ വോട്ടു ചോദിക്കുന്ന ദൃശ്യം ശനിയാഴ്ച രാത്രി പേജിലെത്തിയത്. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നു വ്യക്തമാക്കിയ സി.പി.എം പത്തനംതിട്ട പോലീസ് മേധാവിക്കു പരാതി നല്‍കുമെന്ന് അറിയിച്ചു. പോസ്റ്റു പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പേജിന്റെ അഡ്മിന്‍ പാനലില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം മാറ്റങ്ങള്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ദേശീയം
പാഴ്‌വസ്തുക്കള്‍ വിറ്റ് കേന്ദ്രം നേടിയത് 2364 കോടി | സ്വച്ഛതാ ക്യാമ്പയിനില്‍ ശേഖരിച്ച പാഴ്വസ്തുക്കള്‍ വിറ്റ് കേന്ദ്രസര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 2364 കോടി രൂപ. 2021 മുതല്‍ ഇതുവരെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ അടക്കം നടത്തിയ ശുചീകരണത്തിലാണ് ഈ വരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ആറുമാസത്തിലേറെ കാലാവധി | രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചു. രാവിലെ 10ന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും.
നടന്‍ ഡല്‍ഹി ഗണേഷിനു വിട | തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്ന ഡല്‍ഹി ഗണേഷിന് (80) വിട. ശനിയാഴ്ച രാത്രി 11 ഓടെ ചെന്നൈ രാമപുരത്തെ വസതിയിലായിരുന്നു അന്ത്യം.
ഭീകരരെ വളഞ്ഞു ജമ്മു കാശ്മീരില്‍ സൈനികന് വീരമൃത്യു | ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ രണ്ടു ഡിഫന്‍സ് ഗാര്‍ഡുകളെ വധിച്ച ഭീകരരുമായി വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. ഭീകരവിരുദ്ധ സേനയായ പാരാ സ്പെഷ്യല്‍ ഫോഴ്‌സിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ നായിബ് സുബേദാര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
വിദേശം
അരിസോനും ട്രംപ് തിരിച്ചുപിടിച്ചു | ഇലക്ട്രല്‍ കോളജില്‍ ട്രംപിന്റെ വോ്ട്ടുകള്‍ 312 ആയി ഉയര്‍ന്നു. കമലയ്ക്ക് കിട്ടിയത് 226 വോട്ടുകളാണ്. യുഎസ് സെനറ്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കല്‍ പാര്‍ട്ടി ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ്.
കായികലോകം
ഓവറോളില്‍ തിരുവനന്തപുരം, അത്‌ലറ്റിക്‌സില്‍ മലപ്പുറം | സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയറങ്ങുമ്പോള്‍ ഓവറോള്‍ കിരീടം ഉയര്‍ത്താന്‍ തയാറെടുത്ത് തിരുവനന്തപുരം ജില്ല. അക്വാട്ടിക്‌സ്, അത്‌ലറ്റിക്‌സ് ഗെയിംസ് വിഭാഗങ്ങളെല്ലാം ഒളിമ്പിക്‌സ് മാതൃകയില്‍ ഒരു കുടക്കീഴില്‍ നടന്ന ആദ്യ മേളയില്‍ 1926 പോയിന്റാണ് തിരുവനന്തപുരത്തിനുള്ളത്.
വരുന്‍ ചക്രവര്‍ത്തിക്ക് അഞ്ചു വിക്കറ്റ് | വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ മാന്ത്രിക പന്തുകള്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചു വിക്കറ്റ് എടുത്തു. എന്നാല്‍ ഇന്ത്യയ്ക്ക് ജയിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് തോല്‍വി.
പഠനകാര്യം
പി.എച്ച്.ഡി പ്രവേശനത്തില്‍ പൊതുപരീക്ഷ തര്‍ക്കം | പി.എച്ച്.ഡി പ്രവേശനത്തിന് സര്‍വകലാശാല നടത്തുന്ന പൊതുപരീക്ഷയ്ക്കു പകരം ദേശീയ പൊതുപ്രവേശന പരീക്ഷ (നെറ്റ്) യോഗ്യത മാനദണ്ഡമാക്കാനുള്ള യുജിസി വ്യവസ്ഥ തര്‍ക്കത്തില്‍. സര്‍വകലാശാകളുടെ സ്വയംഭരണത്തെ ഹനിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവേശ പരീക്ഷയുമായി ബന്ധപ്പെട്ട് പൊതുമാനദണ്ഡം രൂപവത്കരിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.