സംസ്ഥാനം

കാലാവസ്ഥ | സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

സവാള വില ഇരട്ടിയായി | ദീപാവലിക്കു പിന്നാലെ സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. പിന്നിട്ട ആഴ്ചയില്‍ 40-50 ആയിരുന്നത് ചില്ലറ വിപണിയില്‍ 80-90 രൂപയിലെത്തി.

ബന്ദിപൂര്‍ രാത്രിയാത്ര നിരോധത്തില്‍ പ്രതീക്ഷ ? | ബന്ദിപൂര്‍ രാത്രിയാത്ര നിരോധനത്തില്‍ പ്രിയങ്ക എം.പിയായശേഷം കേരള കര്‍ണാടക മുഖ്യമന്ത്രിതല ചര്‍ച്ച നടത്തി അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വാഗ്ദാനം. വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിക്കുവേണ്ടി വണ്ടൂരില്‍ നടന്ന പൊതുയോഗത്തിലാണ് ഡികെ ശിവകുമാറിന്റെ നിര്‍ണായക പ്രഖ്യാപനം. മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നുവെന്നും ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം എങ്ങനെ തീര്‍ക്കാമെന്നു ചോദിച്ചെന്നും ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരുറപ്പ് നല്‍കാം. പ്രിയങ്ക എംപിയായശേഷം അവരുടെ സാന്നിധ്യത്തില്‍ കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും ആ ചര്‍ച്ചയില്‍ നിങ്ങളെ നിരാശരാകാത്ത നല്ല ഒരു ഫലം നമുക്ക് പ്രതീക്ഷിക്കാമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

ഗോപാലകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം | മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുമ്പോള്‍ രണ്ടു മൊബൈല്‍ ഫോണുകളും വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ കൈവശം തന്നെയുണ്ടായിരുന്നുവെന്ന് നിഗമനം. ഹാക്കിംഗ് സാധ്യത ഏറെക്കുറെ തള്ളി ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതോടെ കുരുക്കു മുറുകി.

അരിയില്‍ പുഴുവിനെ കണ്ടെത്തിയതില്‍ രാഷ്ട്രീയ വിവാദം | ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ അരിയില്‍ പുഴുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ റവന്യു മന്ത്രി കെ രാജനെ വെല്ലുവിളിച്ച് യു.ഡി.എഫ് നേതാക്കളായ ടി സിദ്ദിഖ് എംഎല്‍എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാന്‍ അവര്‍ മന്ത്രിയെ വെല്ലുവിളിച്ചു. വിവാദങ്ങള്‍ക്കിടെ കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ വയനാട് കളക്ടര്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എന്‍ പ്രശാന്ത് ഐ എ എസിന്റെ പരസ്യ പ്രതികരണത്തില്‍ നടപടി | അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍. പ്രശാന്തിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. നടപടി എന്താകുമെന്ന് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിതിരിവിന് പുറത്തുകൊണ്ടുവന്നതിനൊപ്പം അമര്‍ഷവും സൃഷ്ടിച്ചിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ എന്‍ പ്രശാന്ത് ഐ എ എസിന്റെ പരസ്യ പ്രതികരണം ഇപ്പോഴും തുടരുകയാണ്. ഓണക്കിറ്റില്‍ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയര്‍ തീര്‍ക്കാന്‍ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന കമന്റിനു ഒടുവില്‍ പ്രശാന്ത് മറുപടി നല്‍കിയത്.

പ്രചാരണത്തിന് നാളെ സമാപനം | വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം നാളെ സമാപിക്കും.

ദേശീയം

ഭീകരരെ വധിച്ചു | ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ മേഖലയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.

മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ | ബിജെപി ഉള്ള കാലത്തോളം മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ സഹായിക്കുമെന്ന് പറയുന്നു. എന്നാല്‍ ഭരണഘടനയില്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ വ്യവസ്ഥയില്ല. മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയുമെന്നും ഇത് തങ്ങള്‍ അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശം

വിദ്യാര്‍ത്ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തലാക്കി | ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അതിവേഗ വിസാ സംവിധാനമായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) കാനഡ നിര്‍ത്തലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here