സംസ്ഥാനം
കള്ളപ്പണമുണ്ടോ? അര്‍ദ്ധരാത്രിയില്‍ പാലക്കാട് പോലീസ് പരിശോധനയും നാടകീയ നീക്കങ്ങളും | പാലക്കാട് ഉപതെരഞ്ഞെടുപ്പു പ്രചാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ അദ്ധരാത്രിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കള്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസുകാര്‍, സി.പി.എം, ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ താമസിച്ചിരുന്ന പന്ത്രണ്ടോളം മുറികളാണ് പരിശോധിച്ചത്. പരിശോധനാ സമയത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യില്‍ കള്ളപ്പണമെന്ന ആരോപണമുയര്‍ത്തി ഇടത് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും അണിനിരന്നതോടെ പരിശോധനയുടെ ‘നിറം മാറി’.
ഇരുമുടിക്കെട്ടില്‍ കര്‍പ്പുരം, സാമ്പ്രാണി, പനിനീര്‍ ഒഴിവാക്കണം | തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ടില്‍ നിന്ന് കര്‍പ്പൂരം, സാമ്പ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം. പവിത്രമായി ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ വലിയൊരു ഭാഗവും മാലിന്യമായി പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററില്‍ കൊണ്ടുപോയി കത്തിച്ചുകളയുന്നത് ഒഴിവാക്കാനാണിതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് മൂന്നു കൗണ്ടര്‍ | മണ്ഡലകാലത്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗിനു സാധിക്കാത്തവര്‍ക്കായി മൂന്നു സ്ഥലങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ദര്‍ശനം ബുക്ക് ചെയ്യാം.
നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി | ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം.
ദിവ്യയുടെ ജാമ്യത്തില്‍ വിധി എട്ടിന് | കണ്ണുര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാര്‍ഡില്‍ കഴിയുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും.
ദേശീയം
എല്ലാ സ്വകാര്യസ്വത്തും പൊതു വിതരണത്തിനുള്ളതല്ല | പൊതുനന്മയ്ക്കായി ഏതു സ്വകാര്യ സ്വത്തും ഏറ്റെടുത്ത് വിതരണം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ സുപ്രധാന വിധി. ഭരണഘടനയുടെ 39(ബി) അനുച്ഛേദത്തില്‍ പറയുന്ന സാമൂഹിക ഭൗതികസ്വത്തില്‍ സ്വകാര്യ സ്വത്തും ഉള്‍പ്പെടുമോയെന്ന പതിറ്റാണ്ടുകളുടെ നിയമപ്രശ്‌നത്തിനാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. സമൂഹത്തിന്റെ ഭൗതികസ്വത്തില്‍ സൈദ്ധാന്തികമായി സ്വകാര്യസ്വത്തും ഉള്‍പ്പെടുമെങ്കിലും അത് സാഹചര്യത്തിന് അനുസരിച്ചാണെന്ന് ഏഴു ജഡ്ജിമാര്‍ക്കുവേണ്ടി ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധി എഴുതി. ഏതു സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുത്ത് വിതരണം ചെയ്യാമെന്ന 1978ലെ ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിയോട് യോജിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായത്തില്‍ പറയുന്നു.
യുപി മദ്രസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു | മതബോധം നടത്തുമ്പോള്‍ തന്നെ മദ്രസകളുടെ അടിസ്ഥാനലക്ഷ്യം വിദ്യാഭ്യാസമാണെന്ന നിരീക്ഷണത്തോടെ ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം (2004) സുപ്രീം കോടതി ശരിവച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി ചീഫ് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി. മദ്രസകള്‍ ഉന്നത ബിരുദങ്ങള്‍ നില്‍കുന്നതിനുള്ള വ്യവസ്ഥ യുജിസി നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി.
ജനനത്തീയതിക്ക് ആധാര്‍ നിര്‍ണായക തെളിവല്ല | ജനനത്തീയതി കണക്കാക്കാനുള്ള നിര്‍ണായക തെളിവായി ആധാറിനെ ആശ്രയിക്കാനാവില്ലെന്ന് സുപ്രീം കോടതി. വാഹനാപകടക്കേസിലെ നഷ്ടപരിഹാരത്തിന് പ്രായം കണക്കാക്കാന്‍ ആധാറിലെ ജനനത്തിയതി ആശ്രയിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം.
വിദേശം
യു.എസ് പ്രസിഡന്റാകാന്‍ ഇഞ്ചോടിഞ്ച് | അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മില്‍ പോരാട്ടം തീപാറുന്നു.
കായികം
നീന്തലില്‍ 7 റെക്കോര്‍ഡുകള്‍ | ഏഴു മീറ്റ് റെക്കോര്‍ഡുകള്‍ പിറന്ന നീന്തല്‍ മത്സരങ്ങളിലെ ആധിപത്യവുമായി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുന്നു. (825 പോയിന്റ്)