തിരുവനന്തപുരം | സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ കത്തിലെ നീരസം മനസിലാകുന്നില്ല.
മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസിലാകുന്നില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ താന്‍ വിശ്വസിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതേകത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതു രണ്ടും തമ്മില്‍ വൈരുദ്ധ്യമുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റിനെ അറിയിക്കാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. ആരോപണം ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. എന്നാല്‍, 27 ദിവസം കത്തിന് മറുപടി നല്‍കിയില്ല. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തത്. ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നായിരുന്നു ഗവര്‍ണര്‍ക്കുള്ള സി.പി.എം മറുപടി. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ മാത്രമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. ഗവര്‍ണറുടെ കാലാവധി സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയായി. അതിനുശേഷം നീട്ടിക്കൊടുത്തിട്ടില്ല. ഭരണഘടനപ്രകാരം അടുത്തയാള്‍ വരുന്നതുവരെ തുടരാം. അതുകൊണ്ട് കെയര്‍ ടേക്കര്‍ സ്ഥാനത്തിരുന്നുകൊണ്ട് തെറ്റായ നടപടികള്‍ എടുക്കരുതെന്നും ഗോവിന്ദന്‍ പറഞ്ഞു.