കാട്ടാക്കട| കാട്ടാക്കട മുതിയാവിളയില്‍ വീട്ടമ്മയുടെ മൃതദേഹം റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹപരിശോധനാ ഫലത്തില്‍ ഇത് വ്യക്തമായെന്ന നിലപാടിലാണ് പോലീസ്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവര്‍ രഞ്ജിത്തി(31) നായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാ നിലയത്തില്‍ മായാ മുരളി(37) യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍ പുരയിടത്തില്‍ കണ്ടെത്തിയത്. മായാ മുരളിയും, രഞ്ജിത്തും താമസിച്ചിരുന്ന വാടകവീട്ടില്‍ ഇടയ്ക്കിടെ വന്നുപോയിരുന്നവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതി രഞ്ജിത്തിന്റേതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷ വെള്ളിയാഴ്ച വൈകീട്ടോടെ കാട്ടാക്കട ചൂണ്ടുപലകയില്‍നിന്നു ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

മായയുടെ ഭര്‍ത്താവ് മനോജ് നാലു വര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. മൂന്നുമാസം മുമ്പാണ് മുതിയാവിള കാവുവിളയിലെ വീട്ടില്‍ ഇവര്‍ താമസത്തിനെത്തുന്നത്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്ന നിലയിലാണ് വീട് വാടകയ്ക്ക് എടുക്കുന്നത്.

മായയുടെ രണ്ട് പെണ്‍മക്കള്‍ പേരൂര്‍ക്കടയില്‍ അമ്മൂമ്മയോടൊപ്പമാണ് കഴിയുന്നത്. ഒപ്പം താമസിക്കുന്ന രഞ്ജിത്ത് മായയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മായാ മുരളിയുടെ മൃതദേഹം ഹാര്‍വിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനനിലയത്തില്‍ മായ മുരളിയെ കാട്ടാക്കട മുതിയാവിളയിലെ വാടകവീടിനടുത്തെ റബ്ബര്‍ത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here