ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ന് (ശനി) പുലര്‍ച്ചെ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രജൗരി പട്ടണത്തിലെ വസതിയില്‍ ഒരു പീരങ്കി ഷെല്‍ പതിച്ചതിനെത്തുടര്‍ന്ന് രജൗരി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജ് കുമാര്‍ താപ്പയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള ഇന്ത്യയിലുടനീളം 26 സ്ഥലങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വീണ്ടും ഡ്രോണ്‍ ആക്രമണ പരമ്പര നടത്തി. വിമാനത്താവളങ്ങളും വ്യോമത്താവളങ്ങളും ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ സേന കൗണ്ടര്‍-ഡ്രോണ്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയകരമായി പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ അടിച്ചുതകര്‍ക്കുന്ന വീഡിയോ ഇന്ത്യന്‍ ആര്‍മി പുറത്തുവിട്ടിട്ടുണ്ട്.

പഞ്ചാബിലെ ഫിറോസ്പൂരില്‍, വെടിവച്ചിട്ട പാകിസ്ഥാന്‍ ഡ്രോണ്‍ ഒരു വീട്ടില്‍ പതിച്ച് ഒരു കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഒന്നിലധികം പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിനാല്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ സംസ്ഥാനങ്ങളിലും അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും, അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നുമാണ് നിര്‍ദ്ദേശം.

ബാരാമുള്ള, ജമ്മു, ഉധംപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം ഇന്ത്യന്‍ സൈന്യം ചെറുത്തു. ജമ്മുവിലെ സുചേത്ഗഡ്, രാംഗഡ് സെക്ടറുകളിലും അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണം തുടര്‍ന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വീടിനുള്ളില്‍ തന്നെ തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ അടച്ചു.
ജമ്മു കശ്മീര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്‌കൂളുകളും കോളേജുകളും വരും ദിവസങ്ങളിലും അധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും രണ്ട് ദിവസത്തേക്ക് അടച്ചിടും.

LEAVE A REPLY

Please enter your comment!
Please enter your name here