ന്യൂഡല്‍ഹി | അഫ്ഗാന്‍ മണ്ണില്‍ ഇന്ത്യന്‍ മിസൈലുകള്‍ വീണൂവെന്ന് പാക്കിസ്ഥാന്റെ ആരോപണം നിഷേധിച്ച് താലിബാന്‍ സര്‍ക്കാര്‍ രംഗത്ത്. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് നയത്തുള്ള ഖവാരിസ്മി ഈ ആരോപണത്തെ ശക്തമായി നിഷേധിച്ചു. ഹുറിയത്ത് റേഡിയോയോട് സംസാരിക്കവെയാണ് ഖവാരിസ്മി പാക്കിസ്ഥാനെതിരേ രംഗത്തെത്തിയത്. ”അത്തരം ആരോപണങ്ങളില്‍ വിശ്വാസ്യത തീരെയില്ല. അത്തരം അവകാശവാദങ്ങളില്‍ സത്യമില്ല” – അദ്ദേഹം പറഞ്ഞു. ഖൈബര്‍ പഖ്തൂണ്‍ഖ്വയെ പാകിസ്ഥാന്റെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന താലിബാന്‍ സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
പാകിസ്ഥാനെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ മിസൈല്‍ ആക്രമണം ലക്ഷ്യം തെറ്റി അഫ്ഗാന്‍ മണ്ണില്‍ വീണുവെന്നായിരുന്നൂ പാകിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ ആരോപിച്ചത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും പാകിസ്ഥാന്റെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ സഖ്യകക്ഷികളും എതിരാളികളും ആരാണെന്ന് അഫ്ഗാനിസ്ഥാന് നന്നായി അറിയാമെന്നായിരുന്നൂ ഇന്ത്യ മറുപടി നല്‍കിയത്.