ഒരു സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തി 2026 ചരിത്രം സൃഷ്ടിച്ചു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ടത് 2,96,71,064 വാഹനങ്ങളാണ്. 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ 2,61,87,255 എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 13.30 ശതമാനം വർദ്ധന.
അവസാനിച്ച സാമ്പത്തിക വർഷത്തിൻ്റെ ആദ്യമാസങ്ങൾ രാജ്യത്ത വാഹന വിപണിക്ക് കാര്യമായ പ്രതീക്ഷ നൽകുന്നതായിരുന്നില്ല. എന്നാൽ അവസാന മാസങ്ങളിൽ കഥ മാറി. വൻ മുന്നേറ്റമാണ് മാർച്ചിൽ ഉണ്ടായത്. യാത്രാവാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിൽപ്പനയിൽ മുന്നേറ്റം ദൃശ്യമായി. 26.92 ലക്ഷം വാഹനങ്ങൾ പുതുതായി നിരത്തിലിറങ്ങി. ഇതാകട്ടെ 25.28% വർദ്ധനവാണ്.
ഗതാഗത ആവശ്യങ്ങൾ ഉയർന്നതും ചരക്ക് സേവന നികുതി കുറഞ്ഞതുവഴി വില കുറഞ്ഞതുമാണ് വിൽപ്പന ഉയരാൻ കാരണമെന്ന് ഒട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പ്രസിഡൻ്റ് സി.എസ്. വിഗ്നേശ്വർ വ്യക്തമാക്കി. ജിഎസ്ടി പരിഷ്കരണത്തിനുശേഷമുള്ള വില്പന മുന്നേറ്റം തുടരുന്നതിന്റെ സൂചനകളാണ് വിപണി നൽകുന്നത്. നടപ്പു സാമ്പത്തിക വർഷം വിൽപ്പന മൂന്നു കോടി കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. പതിവുപോലെ 2.14 കോടി യൂണിറ്റുകൾ നിരത്തിലിറങ്ങിയ ഇരുചക്ര വാഹന വിഭാഗമാണ് വില്പനയിൽ മുന്നിൽ. 47 ലക്ഷം കാറുകൾ യാത്രാ വാഹന വിഭാഗത്തിൽ വിറ്റഴിക്കപ്പെട്ടു. 10.61 ലക്ഷം വാണിജ്യ വാഹനങ്ങൾ, 10.50 ലക്ഷം ട്രാക്ടറുകൾ, 13.63 ലക്ഷം മുച്ചക്ര വാഹനങ്ങൾ എന്നിവയും നിരത്തിലിറങ്ങി.
വാണിജ്യ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വില്പന ആദ്യമായിട്ടാണ് 10 ലക്ഷം കടക്കുന്നതെന്ന് ഫാഡയുടെ റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക്, ഹൈബ്രിഡ്, സിഎൻജി വാഹനങ്ങളുടെ വിൽപ്പനയിലും 31 % വർദ്ധനവ് രേഖപ്പെടുത്തി.










