സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ആപ്പിലാണ് പുതിയ സംവിധാനം. സാധാരണ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് യുആര്‍എല്‍ കോപ്പി ചെയ്തോ വെബ്സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയോ വേണം ലിങ്കുകള്‍ പങ്കുവെക്കാന്‍. എന്നാല്‍ ഈ സംവിധാനം എത്തുന്നതോടെ കൂടുതല്‍ എളുപ്പമാകും.
ആന്‍ഡ്രോയിഡ് പോലീസ് വെബ്സൈറ്റ് സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്സ്‌കിയാണ് ഈ വിവരം എക്സില്‍ പങ്കുവെച്ചത്. അദ്ദേഹം പങ്കുവച്ച വിവരം അനുസരിച്ച് ഗൂഗിള്‍ ആപ്പില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന റിസല്‍ട്ടില്‍ ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ തുറന്നുവരും. ഇവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയോ ഏതെങ്കിലും ആപ്പുകള്‍ വഴി പങ്കുവെക്കുകയോ ചെയ്യാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ആര്‍ട്ടെം റുസാകോവ്സ്‌കി പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും ആപ്പിലേക്ക് റീഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യാനാകില്ല. അതേസമയം വെബ്ബ് ഉപഭോക്താക്കള്‍ക്ക് സെര്‍ച്ച് റിസല്‍ട്ടിനൊപ്പമുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്ന് നേരിട്ട് ലിങ്കുകള്‍ കോപ്പി ചെയ്യാവുന്നതാണ്.