തിരുവനന്തപുരം | എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും നായകന്‍ മോഹന്‍ലാലിനും പൂര്‍ണ്ണ പിന്‍തുണയുമായി ഫെഫ്ക. ഇരുവര്‍ക്കുമെതിരേ നടക്കുന്ന സോഷ്യല്‍മീഡിയാ ആക്രമണത്തില്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടാണ് ഫെഫ്ക പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നൂവെന്നും എന്നാല്‍ വിമര്‍ശനം വ്യക്ത്യാധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാവരുതെന്നുമാണ് ഫെഫ്ക ഓര്‍മ്മപ്പെടുത്തുന്നത്.
”കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. സാര്‍ഥകമായ ഏതു സംവാദത്തിന്റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്” – – ഫെഫ്കയുടെ പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു.
എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്തു നിര്‍ത്തുന്നൂവെന്നും ”നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ അയാളെ തോല്‍പിക്കാനാവില്ല” എന്നും ഒരു കഥാസന്ദര്‍ഭത്തെ ഓര്‍ത്തുകൊണ്ട് ഫെഫ്ക ചൂണ്ടിക്കാട്ടുന്നു.