ശ്രീനഗര്‍ | കശ്മീര്‍ മണ്ണില്‍ നിന്ന് പാക്കിസ്ഥാന് പിന്തുണ നല്‍കുന്നവരെ തെരഞ്ഞുപിടിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക് തീവ്രവാദികള്‍ക്ക് ഒത്താശചെയ്യുന്നവര്‍ക്കെതിരേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നടപടികളിലേക്കാണ് സൈന്യം കടന്നിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്തിയ അഞ്ചുപേരുടെ വീടുകളാണ് നിലവില്‍ സൈന്യം തകര്‍ത്തത്. ലഷ്കര്‍-ഇ-തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറുടെ ഉള്‍പ്പെടെയുള്ള വീടുകളാണ് ബോംബിട്ട് തകര്‍ത്തത്. വീടിനുള്ളില്‍ കഴിഞ്ഞിരുന്ന ആളുകളെ പുറത്തേക്ക് മാറ്റിയതിനുശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് വീടുകള്‍ തകര്‍ത്തത്. കശ്മീരിന്റെ മണ്ണില്‍ ജീവിച്ചുകൊണ്ട് പാകിസ്താന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നത്.
ഷോപിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്നവര്‍ക്കെതിരെ സുരക്ഷാസേന ശക്തമായ നടപടികള്‍ സ്വീകരിച്ചത്. ഷോപ്പിയാനിലെ ചോട്ടിപോറ ഗ്രാമത്തില്‍, ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹമ്മദ് കുട്ടെയുടെ വീട് തകര്‍ന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി കുട്ടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലായി തീവ്രവാദ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നവരെ തിരഞ്ഞുപിടിക്കുകയാണ് സുരക്ഷാസേന. കുല്‍ഗാമിലെ മതലം പ്രദേശത്തുള്ള മറ്റൊരു തീവ്രവാദിയായ സാഹിദ് അഹമ്മദിന്റെ വീടാണ് തകര്‍ക്കപ്പെട്ട വീടുകളില്‍ മറ്റൊന്ന്. പുല്‍വാമയിലെ മുറാന്‍ പ്രദേശത്തുള്ള അഹ്സാന് ഉല് ഹഖിന്റെ വീടും തകര്‍ത്തു. ഇയാള്‍ പാകിസ്താനില്‍ പോയി ഭീകര പരിശീലനം നേടിയിരുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.
പുല്‍വാമയില്‍ രണ്ട് വീടുകള്‍ ആണ് സൈന്യം തകര്‍ത്തത്. 2023 ജൂണ്‍ മുതല്‍ ലഷ്കറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എഹ്സാന്‍ അഹമ്മദ് ഷെയ്ക്കിന്റെ ഉടമസ്ഥതയിലുള്ളതും, കഴിഞ്ഞ വര്‍ഷം മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ച ഹാരിസ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതുമാണ് പുല്‍വാമയില്‍ തകര്‍ത്ത രണ്ട് വീടുകള്‍.