തിരുവനന്തപുരം | അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോള്‍ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങള്‍ക്കിടെ ആവര്‍ത്തിച്ച് ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ പറഞ്ഞതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. പിന്നാലെ സഭയില്‍ ഭരണ പ്രതിപക്ഷ വാക്പോര്.
സംസ്ഥനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു രമേശ് ചെന്നിത്തല പറഞ്ഞതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്നു പറയുന്നത് ശരിയായ രീതിയാണോയെന്ന് മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. രമേശ് ചെന്നിത്തലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എഴുന്നേറ്റതോടെ ബഹളമായി.
സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരി വ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റു നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു തര്‍ക്കം. രാഷ്ട്രീയം വീട്ടു വിഷയം ചര്‍ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്തു പറയണമെന്നു തങ്ങള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷവും ആവര്‍ത്തിച്ചു.