തിരുവനന്തപുരം | നിലമ്പൂര്‍ ജനവിധി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് ആക്കംകൂട്ടിയതോടെ കളംനിറഞ്ഞു കളിക്കാന്‍ യുഡിഎഫ് നേതാക്കള്‍. ലീഗിനെ ഒപ്പം കൂട്ടി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കളത്തിലിറങ്ങുമ്പോള്‍ യുഡിഎഫിനുള്ളിലെ ചേരിപ്പോര് ശക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് നിലമ്പൂര്‍. ഇത് വ്യക്തമാക്കുന്നതാണ് ഫലം വന്നുതുടങ്ങിയതോടെ രമേശ് ചെന്നിത്തല നടത്തിയ പ്രതികരണം. പി.വി. അന്‍വറിനെ ഒപ്പംകൂട്ടാന്‍ താനും ലീഗും പരമാവധി ശ്രമിച്ചിരുന്നൂവെന്നും എന്നാല്‍ അതുനടന്നില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇനി യുഡിഎഫ് അക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രതികരണം തന്നെയാണത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ശക്തമായ എതിര്‍പ്പാണ് പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തടഞ്ഞത്. എന്നാല്‍ നിലമ്പൂര്‍ ഫലം പുറത്തുവരുന്നതിനിടെ അന്‍വര്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചതിനു പിന്നാലെയാണ് രമേശ് ചെന്നിത്തല ആഞ്ഞടിക്കുന്നത്. ഇത്് ആരാകും മുഖ്യമന്ത്രി പദത്തിലെത്തുക എന്ന ചര്‍ച്ചകള്‍ക്കും ആക്കം കൂട്ടും. എന്നാല്‍ വി.ഡി. സതീശന്റെ നിലപാടാണ് യുഡിഎഫിന്റെ കരുത്ത് തെളിയിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. പി.വി. അന്‍വര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നൂവെങ്കില്‍ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും അന്‍വര്‍ ഒറ്റയ്ക്ക് നേടുന്ന അവസ്ഥ വരുമായിരുന്നു. എങ്കില്‍ പൂര്‍ണ്ണമായും കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിക്കുന്ന നിലപാടായി മാറുമായിരുന്നൂ. ഇപ്പോള്‍ കിട്ടിയ ഭൂരിപക്ഷം പൂര്‍ണ്ണമായും യുഡിഎഫിന് അവകാശപ്പെട്ടതായി മാറി. ആ നിലയ്ക്ക് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് പി.വി. അന്‍വറിനെ മാറ്റിനിര്‍ത്തിയ വി.ഡി. സതീശന്റേതെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ ചെന്നിത്തലയുടെ നീക്കത്തിന് എത്രമാത്രം പിന്‍തുണ കിട്ടുമെന്ന് കണ്ടുതന്നെ അറിയണം. ഇനി പി.വി. അന്‍വറിനെ ഒപ്പംചേര്‍ത്താലും അന്‍വറിന്റെ വിലപേശലിന് മുന്നില്‍ യുഡിഎഫിന് മുട്ടുമടക്കേണ്ടി വരില്ലെന്ന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയതും പ്രതിപക്ഷനേതാവ് വിഡി. സതീശന്റെ നിലപാടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here