തിരുവനന്തപുരം | സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയശേഷം രഞ്ജിത്ത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും അവര്‍ വെളിപ്പെടുത്തി. രേഖാമൂലം പരാതിയുണ്ടായാല്‍ നടപടിയെന്ന് സര്‍ക്കാരും വ്യക്തമാക്കി.
കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധം അറിയിച്ചു. പിന്നാലെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. സിനിമയില്‍ അഭിനയിക്കാതെ അടുത്ത ദിവസം തന്നെ മടങ്ങിപ്പോയെന്നും നടപടി തുറന്നു പറഞ്ഞു. ലൈംഗികമായി ഉപദ്രവിച്ചില്ലെങ്കിലും അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് നടി പറയുന്നു.
വിഷയം നടി അന്നുതന്നെ പറഞ്ഞിരുന്നതായി ഡോക്യുമെന്റി സംവിധായകന്‍ ജോഷി ജോസഫും വ്യക്തമാക്കി. എന്നാല്‍ നടിയോട് അടുത്തു പെരുമാറേണ്ട ഒരു സാഹചര്യവും അന്ന് ഉണ്ടായിട്ടില്ലെന്ന് രഞ്ജിത്ത് പ്രതികരിച്ചു. അഭിനയിക്കാനല്ല, മറിച്ച് ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചു വരുത്തിയത്. അവരുടെ പ്രകടനം തൃപ്തികരമായി ഞങ്ങള്‍ക്ക് തോന്നിയില്ല. തന്നോട് ഒരു സിഗററ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അവരോട് അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. തൃപ്തരല്ലെന്ന കാര്യം പിറ്റേന്നു തന്നെ സഹസംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശങ്കറിനോട് നടി ക്ഷോഭിച്ചാണ് സംസാരിച്ചതെന്ന് അന്ന് അറിഞ്ഞിരുന്നു.
ഇപ്പോള്‍ ഇങ്ങനൊരു വിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടെ താന്‍ ഇരയും അവര്‍ വേട്ടക്കാരനുമാണ്. അവര്‍ നിയമപരമായി നീങ്ങിയാല്‍ അതേ വഴിക്കുതന്നെ നേരിടുമെന്നും രഞ്ജിത്ത് വ്യക്തമാക്കി. അതേസമയം, രേഖാമൂലം പരാതി ലഭിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.