ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രകോപനപരമായ പെരുമാറ്റം അങ്ങേയറ്റം നിരാശാജനകവും ആശങ്കാജനകവുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഭീകരവാദത്തിനെതിരേ നിലപാട് എടുക്കണമെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഭീകരതയ്ക്കെതിരെ യുദ്ധം നയിക്കുന്നതില്‍ പാകിസ്ഥാന്റെ നേതൃപരമായ പങ്കിനെക്കുറിച്ചും അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നതിനെയും പാക് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇതിലൂടെ 90,000-ത്തിലധികം പേരുടെ ജീവന്‍ ബലിയര്‍പ്പിക്കുകയും 152 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തൂവെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പഹല്‍ഗാം സംഭവത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് ആവര്‍ത്തിച്ച ഷെഹ്ബാസ് ഇന്ത്യയുടെ പ്രകോപനങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി ഇടപെടണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോട് അഭ്യര്‍ത്ഥിച്ചു.

മാത്രമല്ല ഇന്ത്യയുമായി യുദ്ധം ഉണ്ടായാല്‍ ഭീകരതയെ പരാജയപ്പെടുത്താനുള്ള പാകിസ്ഥാന്റെ നിരന്തരമായ ശ്രമങ്ങളില്‍ നിന്ന് വഴിതിരിയുമെന്നും ചൂണ്ടിക്കാട്ടി. അഫ്ഗാന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഐഎസ്‌കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രവിശ്യ), ടിടിപി (തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍), ബിഎല്‍എ (ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി) എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് മാത്രമേ സഹായിക്കൂവെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്.

ഇന്ത്യാ-പാക് യുദ്ധം നടന്നാല്‍, ഇന്ത്യ ഈ വിമോചനഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി
പാക്കിസ്ഥാനെ വിഭജിക്കുമോയെന്ന ആശങ്കയാണ് പാക് പ്രധാനമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍.

ഇന്ത്യ പാകിസ്ഥാനിലെ 240 ദശലക്ഷം ജനങ്ങളുടെ ജീവനാഡിയായ ജലം ആയുധമാക്കാന്‍ തിരഞ്ഞെടുത്തത് വളരെ ഖേദകരമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് പാക് പ്രധാനമന്ത്രി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്നതില്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം വേണമെന്ന് റൂബിയോ പാക്സ്ഥാനോട് ആവശ്യപ്പെട്ടതായും പാക്പ്രധാന മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ തിരിച്ചടി ഒഴിവാക്കാനുള്ള എല്ലാശ്രമങ്ങളും തിരക്കിട്ട് നടത്തുകയാണ് പാക്കിസ്ഥാന്‍. യുഎസ് ചാര്‍ജ് ഡി അഫയേഴ്സ് നതാലി ബേക്കര്‍ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിനെ ചര്‍ച്ചകള്‍ക്കായി വിളിച്ചിട്ടുണ്ടെന്ന് പാക് വിദേശ മന്ത്രാലയവും സ്ഥിതീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here