ന്യൂഡല്‍ഹി | ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലൂടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ‘ലക്ഷ്മണരേഖയെ മറികടന്നു’ എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ വിമര്‍ശനം. പാര്‍ട്ടി ആഭ്യന്തര ചര്‍ച്ച അനുവദിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു ഐക്യമുന്നണി കെട്ടിപ്പടുക്കുകയാണെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തുന്നത്. അക്ബര്‍ റോഡ് ആസ്ഥാനത്ത് നടന്ന തരൂര്‍ കൂടി പങ്കെടുത്ത ഈ യോഗത്തിലാണ് ശശി തരൂരിന്റെ പരസ്യപ്രതികരങ്ങളിലെ അതൃപ്തി ചര്‍ച്ചയായത്.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, കെ സി വേണുഗോപാല്‍, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ പങ്കെടുത്ത യോഗത്തിന് ശേഷം, പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന വ്യക്തിഗത വ്യാഖ്യാനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു ‘വ്യക്തമായ സന്ദേശം’ നേതൃത്വം നല്‍കിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

”ഞങ്ങള്‍ ഒരു ജനാധിപത്യ പാര്‍ട്ടിയാണ്, ആളുകള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് തുടരുന്നു, പക്ഷേ ഇത്തവണ തരൂര്‍ ലക്ഷ്മണരേഖയെ മറികടന്നു” പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. യോഗത്തില്‍ ആരുടേയും പേരുകള്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, പ്രത്യേകിച്ച് ദേശീയ സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍, സംയമനം പാലിക്കാനും പാര്‍ട്ടി ലൈനുമായി യോജിക്കാനും നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here