തിരുവനന്തപുരം: ധനുവച്ചപുരം എന്‍.കെ.എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എയുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
സ്‌കൂള്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള സംരംഭങ്ങളിലൂടെ നൂറു കണക്കിന് സ്‌കൂളുകള്‍ നവീകരിച്ചുവെന്നും, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ സംസ്ഥാനം പ്രധാനമായ പരിവര്‍ത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
3230 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച രണ്ടു നിലകളുള്ള പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കില്‍ 9 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള മൂന്നു ക്ലാസ് മുറികളും, ടോയ്ലെറ്റും, സ്റ്റെയര്‍ ടവറുമാണ് നിലവിലുള്ളത്. മൂന്നു നിലകള്‍ നിര്‍മിക്കുന്നതിനുള്ള ഫൌണ്ടേഷന്‍ കെട്ടിടത്തിന് നല്‍കിയിട്ടുള്ളതിനാല്‍ മൂന്നു ക്ലാസ് മുറികള്‍ കൂടി ഈ കെട്ടിടത്തില്‍ ഭാവിയില്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.