ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാനെ വെള്ളപൂശുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരേ ഇന്ത്യ. ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യ, പാക് കേന്ദ്രീകൃത ഭീകരവാദത്തിന്റെ ഇരയാണെന്നും വിദേശത്തേക്ക് പോയ പ്രതിനിധി സംഘങ്ങള്‍ക്ക് വലിയ പിന്തുണയാണ് കിട്ടുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യ-പാക് പ്രശ്‌നവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തെ വ്യാപാരത്തിലൂടെ താന്‍ പരിഹരിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ട്രംപ് ഓവല്‍ ഓഫീസില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎസ് ഒരു ഡീല്‍ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

”പാകിസ്ഥാനില്‍ നല്ല മനുഷ്യന്മാരുണ്ട്, അവര്‍ക്കൊരു നല്ല നേതാവുമുണ്ട്. മോദി എന്റെ സുഹൃത്താണ്” – ട്രംപ് പറഞ്ഞു. മോദി മ്യൂച്വല്‍ ഫ്രണ്ടാണെന്നായിരുന്നൂ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മറുപടി നല്‍കിയത്. മോദി നല്ലൊരു മനുഷ്യനാണ്, ഞാന്‍ രണ്ടു പേരെയും വിളിച്ചിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here