ന്യൂഡല്‍ഹി | എന്‍.ഡി.എ കരുത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. രാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീകമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രധാനമന്ത്രിക്കും പിന്നാലെ 71 അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
30 ക്യാബിനറ്റ് മന്ത്രിമാരും ആറു സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും അടങ്ങുന്നതാണ് മോദി 3.0. മുന്‍മുഖ്യമന്ത്രിമാരും അതികായരായ നേതാക്കളും നിറഞ്ഞതാണ് സര്‍ക്കാര്‍. രാഷ്ടത്തലവന്മാരും എന്‍.ഡി.എ നേതാക്കളും മറ്റു വിശിഷ്ടാതികളുമടക്കം എണ്ണായിരത്തോളം പേര് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിനു സാക്ഷിയായി.
ജവാഹര്‍ലാല്‍ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടല്‍ ബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദര്‍ശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.
നരേന്ദ്ര മോദി 7.23ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന നേതാവ് രാജ്നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിന്‍ ഗഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവര്‍ ചടങ്ങിനെത്തി. അംബാനി കുടുംബവും നടന് ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്നാഥ് ഷിന്‍ഡെയും അജിത് പവാറും ചടങ്ങില്‍ പങ്കെടുത്തു.