ന്യൂഡല്‍ഹി | പൂഞ്ചില്‍ പാകിസ്ഥാന് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പാക് ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീടുകളും രാഹുല്‍ ഗാന്ധി നോക്കിക്കണ്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ന് (ശനി) രാവിലെയാണ് രാഹുല്‍ഗാന്ധി എത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായിരുന്നു ഇത്. പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തില്‍ മരിച്ച 12 വയസ്സുള്ള ഇരട്ടകളായ സോയയുടെയും സെയ്നിന്റെയും കുടുംബത്തെ അദ്ദേഹം കണ്ടു.
ഷെല്ലാക്രമണത്തില്‍ തകര്‍ന്ന ഒരു മതകേന്ദ്രമായ പൂഞ്ചിലെ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭയും അദ്ദേഹം സന്ദര്‍ശിച്ചു.
താന്‍ കണ്ട നാശനഷ്ടങ്ങള്‍ അദ്ദേഹം മാധ്യമങ്ങളോട് വിവരിച്ചു. താമസക്കാരുടെ ധൈര്യത്തെയും സഹിഷ്ണുതയെയും രാഹുല്‍ഗാന്ധി അഭിനന്ദിച്ചു.
”പൂഞ്ചില്‍ പാകിസ്ഥാന് ഷെല്ലാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഇന്ന് ഞാന്‍ കണ്ടു. തകര്‍ന്ന വീടുകള്‍, ചിതറിക്കിടക്കുന്ന വസ്തുക്കള്‍, നനഞ്ഞ കണ്ണുകള്‍, എല്ലാ കോണുകളിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദനാജനകമായ കഥകള്‍ – ഈ ദേശസ്നേഹമുള്ള കുടുംബങ്ങള്‍ എല്ലായ്പ്പോഴും ധൈര്യത്തോടെയും അന്തസ്സോടെയും യുദ്ധത്തിന്റെ ഏറ്റവും വലിയ ഭാരം വഹിക്കുന്നു. അവരുടെ ധൈര്യത്തിന് അഭിവാദ്യം” – രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, അവരുടെ ശബ്ദം കേള്‍ക്കപ്പെടാതെ പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ”ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഞാന്‍ ശക്തമായി നിലകൊള്ളുന്നു – ദേശീയ തലത്തില്‍ അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഞാന്‍ തീര്‍ച്ചയായും ഉന്നയിക്കും” – രാഹുല്‍ കൂട്ടിച്ചേര്‍ത്തു.