ന്യൂഡല്‍ഹി | ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 115 ാം പതിപ്പിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ പരിശ്രമിച്ചുവരികയാണ്. എന്നാല്‍, ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമപ്രകാരം ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല. അത്തരമൊരു അന്വേഷണത്തിനായി വീഡിയോ കോള്‍ വഴിയോ ഫോണ്‍ വഴിയോ ഒരുസര്‍ക്കാര്‍ ഏജന്‍സിയും ബന്ധപ്പെടുകയില്ലെന്ന് മോദി പറഞ്ഞു. തട്ടിപ്പുകാരുടെ രീതികള്‍ വിശദീകരിക്കാന്‍ ഒരു വീഡിയോയും പ്രദര്‍ശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ദൃശ്യത്തില്‍ കാണുന്നയാള്‍ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങള്‍ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരില്‍ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.