ന്യൂഡല്‍ഹി | മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ്റെ കത്ത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുണ്ടെന്നാണ് റിപ്പോർട്ട്.
മദ്രസകളില്‍ പഠിക്കുന്ന മുസ്‌ളിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കുള്ള വേതനം വര്‍ധിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കിടയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ മദ്രസകള്‍ നിര്‍ത്തലാക്കാനാവശ്യപ്പെട്ട് കത്തയച്ചതെന്നും ശ്രദ്ധേയമാണ്.
ബാലാവകാശ കമ്മിഷൻ്റെ നിർദ്ദേശത്തോട് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും രംഗത്തെത്തി. നേരത്തെ മദ്രസകളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്കയറിയിച്ച് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാടറിയിച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ മദ്രസകള്‍ വരുന്നില്ലെന്നതിനാല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേതുപോലെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലന്നു വിദ്യാഭ്യാസ അവകാശനിയമത്തില്‍ പറയുന്ന ഉച്ചഭക്ഷണം, യൂണിഫോം, പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം എന്നിവയും ലഭിക്കുന്നില്ലെന്നും അന്ന് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.