ആദ്യം ഇന്ത്യ പുറത്താക്കി. ഒടുവിലിതാ 170 ദശലക്ഷം ഉപഭോക്താക്കളുള്ള അമേരിക്കയില്‍ നിന്നും ടിക് ടോക്ക് പഠിയിറങ്ങി.
നിരോധനം ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് വിവാദ ചൈനീസ് ആപ്പിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ അവസാനിപ്പിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ടിക് ടോക് നീക്കിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിക്ടോക് ലഭ്യമല്ലെന്ന ക്ഷമാപണത്തോടെയുള്ള അറിയിപ്പാണ് അമേരിക്കയില്‍ ഇപ്പോള്‍ ആപ്പ് തുറക്കുമ്പോള്‍ ലഭ്യമാകുന്നത്.
പ്രൊട്ടക്ടിംഗ് അമേരിക്കന്‍സ് ഫ്രം ഫോറിന് അഡ്വേഴ്സറി കണ്ട്രോള്സ് ആപ്പിക്കേഷന്സ് ആക്ട് ബാധകമായിരിക്കുമെന്ന അമേരിക്കന്‍ സുപ്രീം കോടതി വിധിയാണ് ടിക്ടോക്കിന് വന്‍ കുരുക്ക് സൃഷ്ടിച്ചത്. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ അമേരിക്കയിലെ മുഴുവന്‍ ആസ്തിയും 19നകം വിറ്റഴിക്കണമെന്ന ജോബൈഡന് ഭരണകൂടത്തിന്റെ നിലപാടാണ് ടിക്ടോക്കിന് തിരിഞ്ഞടിയായത്.
അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്ന ആരോപണമാണ് ട്രംപ് ഭരണകാലത്ത് ടിക്ടോക്കിനെതിരെ ആദ്യം ഉയര്‍ന്നത്. ആപ്പ് പരിപുര്ണ്ണമായി നിര്ത്തിക്കുകയല്ല, മറിച്ച് രാജ്യത്തെ അതിന്റെ പ്രവര്‍ത്തനം ഏതെങ്കിലുമൊരു അമേരിക്കന്‍ കമ്പനിയുടെ കീഴിലാക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് കമ്പനി തയ്യാറായിരുന്നില്ല. നിയമവഴി സ്വീകരിക്കുകയാണ് ആദ്യഘട്ടമെന്ന നിലയില്‍ അവര്‍ ചെയ്തത്. എന്നാല്‍, ആരും പ്രതീക്ഷിക്കാത്ത, തലത്തിലേക്കാണ് കോടതി വിധിയോടെ ആപ്പിന്റെ ഭാവി എത്തിയത്.
അധികാരത്തിലിരുന്നപ്പോള്‍ ടിക്ടോകിനെതിരെ നിലപാട് സ്വീകരിച്ച ട്രംപ് നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന. അതിനാല്‍ തന്നെ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ട്രംപില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ടിക്ടോക്. ട്രംപില്‍ പ്രതീക്ഷയുണ്ടെന്നും അധികാരമേറ്റാല്‍ പരിഹാരത്തിനു ശ്രമിക്കുമെന്ന് സൂചിപ്പിച്ചിരുന്നുവെന്നും ടിക്ടോക് അധികൃതര്‍ പറയുന്നു. അതിനായി കാത്തിരിക്കാനാണ് കമ്പനി ഉപയോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നത്.