കൊച്ചി | കടുവപ്പല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസില്‍, ‘വേടന്‍’ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ദാസ് മുരളിക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനം വകുപ്പിന് ലഭിച്ച മൊഴികള്‍ പ്രകാരം, ശ്രീലങ്ക വഴി യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയ രഞ്ജിത്ത് എന്ന വ്യക്തിയാണ് വേടന് കടുവപ്പല്ല് കൈമാറിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും വേടന്‍ രഞ്ജിതുമായി ആശയവിനിമയം നടത്തിയിരുന്നു. രഞ്ജിത്തിനെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റേഞ്ച് ഓഫീസര്‍ അതീഷ് രവീന്ദ്രന്‍ പറഞ്ഞു.

വേടന്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയിലാണ് ലോക്കറ്റ് രൂപത്തില്‍ കടുവപ്പല്ല് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യഥാര്‍ത്ഥ കടുവപ്പല്ല് തന്നെയെന്ന് തെളിഞ്ഞതോടെയാണ് വനം വന്യജീവി വകുപ്പ് കേസ് ഫയല്‍ ചെയ്തത്.

കഞ്ചാവ് കൈവശം വച്ച കേസില്‍ എട്ടുപേര്‍ക്കൊപ്പം നേരത്തെ അറസ്റ്റിലായിരുന്നു. കഞ്ചാവ് കേസില്‍ വേടന് സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും, വന്യജീവി കേസില്‍ വനംവകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. കടുവപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്നും അത് ഒര്‍ജിനല്‍ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് കടുവപ്പല്ല് ലോക്കറ്റാക്കി മാറ്റിയതെന്നും വേടന്‍ വനംവകുപ്പിന് മൊഴി നല്‍കി.

കാട്ടുമൃഗങ്ങളെ വേട്ടയാടല്‍, മ, വനവിഭവങ്ങള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കല്‍ എന്നിവയും വേടനെതിരേ ചുമത്തിയിട്ടുണ്ട്. രഞ്ജിത്ത് മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍, വേടനെതിരെയുള്ള കുറ്റങ്ങള്‍ ഒഴിവാക്കുമെന്ന് റേഞ്ച് ഓഫീസ് അറിയിക്കുന്നു. അന്വേഷണവുമായി വേദാന്‍ നന്നായി സഹകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here