നീലേശ്വരം | കാസര്‍കോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ തെയ്യം കളിയാട്ടത്തിനിടെ വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമെന്നാണ് പ്രാഥമിക വിവരം. എട്ടു ക്ഷേത്ര ഭാരവാഹികളെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തു.
ഉത്തരമലബാറിലെ തെയ്യം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ക്ഷേത്രം കൂടിയാണിത്. ഇന്നാണ് പ്രധാന ആഘോഷങ്ങള്‍. അര്‍ദ്ധരാത്രിയില്‍ തെയ്യം കെട്ടിയാടുന്ന സമയത്തായിരുന്നു അപകടം. അനുമതിയില്ലാതെയാണ് ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും ആളുകള്‍നിന്ന സ്ഥലവും തമ്മില്‍ വലിയ ദൂരമുണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. ഷീറ്റ് ഇളകി തെറിച്ചു. ചിലയിടത്ത് ഭിത്തി അടര്‍ന്നു വീണു. മുന്‍ വര്‍ഷങ്ങളിലും ഇവിടെയാണ് വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നു.
രണ്ടു ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്.
വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കലക്ടര്‍ കെ.ഇമ്പശേഖരന്‍ പറഞ്ഞു. വെടിക്കെട്ട് നടക്കുന്ന സമയത്ത് വലിയരീതിയില്‍ ജനം ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയിരുന്നു. വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം ചിതറിയോടി.