വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു
തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു. പദ്മനാഭന്റെ മണ്ണില്‍ വീണ്ടും എത്താനായതില്‍ സന്തോഷമെന്ന് മോദി. വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയ അദാനിയെ പുകഴ്ത്തിയ സംസ്ഥാന തുറമുഖ മന്ത്രി വാസവനെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി പ്രസംഗത്തിലേക്ക് കടന്നത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിപോലും വികസനത്തില്‍ സ്വകാര്യപങ്കാളിത്തം ഇനിയും വരണമെന്ന് അദാനിയോട് പറഞ്ഞു. ഇതുതന്നെയാണ് വലിയ മാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കൊല്ലം ബൈപാസ് ഉള്‍പ്പെടെയുള്ള വികസനപദ്ധതികളെക്കുറിച്ചും മോദി ഓര്‍മ്മിപ്പിച്ചു. ഗുജറാത്തില്‍പോലും നടത്താത്ത തുറമുഖവികസനമാണ് കേരളത്തില്‍ അദാനി നടത്തിയതെന്നും ഇതറിയുമ്പോള്‍ ഗുജറാത്തുകാര്‍ പിണങ്ങുമെന്നും മോദി തമാശയായി പറഞ്ഞു.
പക്ഷേ, ഈ വികസനം ഇന്ത്യാസഖ്യത്തിലെ ചിലര്‍ക്ക് ഇഷ്ടമാകിയെല്ലന്നും ഇന്ത്യാ സഖ്യത്തിലുള്ള ശശിതരൂരും പിണറായി വിജയനുമെല്ലാം ഇവിടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അധ്യക്ഷ പ്രസംഗം നടത്തിയ തുറമുഖമന്ത്രി വാസവന്‍ തുറമുഖത്തിന്റെ ശില്‍പി പിണറായി വിജയനെന്ന് പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയും സംസാരിച്ചത്. തുടക്കത്തില്‍ ഒപ്പുവച്ച കരാറില്‍ ചില പ്രശ്‌നങ്ങളുണ്ടായെങ്കിലും ഇടതുസര്‍ക്കാര്‍ വിഴിഞ്ഞം പൂര്‍ത്തീകരിച്ചെന്നും ഇത് എല്‍ഡിഎഫിന്റെ പദ്ധതിയാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മോദി വിഴിഞ്ഞത്തെത്തിയത്. എന്നാല്‍ അതേക്കുറിച്ചോ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തെക്കുറിച്ചോ മോദി പരാമര്‍ശിച്ചില്ല.
രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാണ്, അദാനി പോര്‍ട്ട്‌സും സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും (APSEZ) കേരള സര്‍ക്കാരും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. 8,867 കോടി ചെലവില്‍ നിര്‍മ്മിച്ച തുറമുഖ പദ്ധതിക്ക് വിജയകരമായ പരീക്ഷണ ഘട്ടത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാണിജ്യ അനുമതി ലഭിച്ചു. പ്രധാന അന്താരാഷ്ട്ര കപ്പല്‍ പാതകളുടെ സാമീപ്യവും സ്വാഭാവിക ആഴവും കാരണം, കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റിനായി കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് വിഴിഞ്ഞം പ്രതീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളില്‍ ചിലത് കൈകാര്യം ചെയ്യാന്‍ ഈ തുറമുഖത്തിന് കഴിയും, ഇത് ഇന്ത്യയുടെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും വ്യാപാര കാര്യക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. പദ്ധതി കരാറില്‍ ഒപ്പുവെച്ച് തറക്കല്ലിട്ട അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംഭാവനയെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പരിപാടി ബഹിഷ്‌കരിച്ചിരിക്കയാണ്.