തിരുവനന്തപുരം | കേരളത്തില്‍ വ്യവസായങ്ങളുടെ പൂക്കാലമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനോട് പ്രതിഷേധിച്ച് തെലുങ്കാനയിലെത്തിയ കിറ്റക്‌സ് ഗ്രൂപ്പ് വാറങ്കല്‍ ഫാക്ടറിയില്‍ നടത്തുന്നത് വമ്പന്‍ റിക്രൂട്ട്‌മെന്റ്. ആദ്യഘട്ടത്തില്‍ തന്നെ വാറങ്കലിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 25000 പേര്‍ക്കാണ് ജോലി ലഭിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കിറ്റക്‌സ് ഉടമ സാബു എം. വര്‍ഗീസ് തെലുങ്കാനയിലേക്ക് പോയത്. കൊച്ചി ഫാക്ടറിയില്‍ 11000 പേരാണ് ജോലി ചെയ്തിരുന്നത്. പുതിയ നിക്ഷേപം തെലുങ്കാനയിലേക്ക് മാറ്റിയതോടെ കൊച്ചി ഫാക്ടറിയിലെ ഉല്‍പാദനം വെട്ടിക്കുറച്ചു. ഇതോടെ ഘട്ടം ഘട്ടമായി 2000 പേര്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തു.
വാറങ്കല്‍ ഫാക്ടറിയില്‍ 16000 ത്തോളം പേരെ തയ്യല്‍ ജോലികള്‍ക്കായാണ് റിക്രൂട്ട് ചെയ്യുന്നത്. അതില്‍ 80% ഉം വനിതകള്‍ക്കാകും അവസരം കൊടുക്കുക. ഈ ഫാക്ടറിലേക്ക് മലയാളികളും അപേക്ഷിക്കുന്നുണ്ടെന്നും തെലുങ്കാനയിലെ സീതാരാംപൂരിലെ കിറ്റക്‌സ് ഗാര്‍മെന്റ്‌സിലേക്ക് അമ്പതിനായിരംപേര്‍ക്കാകും അവസരം ലഭിക്കുകയെന്നും കിറ്റക്‌സ് അധികൃതര്‍ പറയുന്നു.
രണ്ടു സ്ഥലത്തെ ഫാക്ടറികള്‍ക്കുമായി 3400 കോടിയാണ് മുതല്‍മുടക്ക്. തെലുങ്കാനയില്‍ രണ്ടു ഫാക്ടറികള്‍ തുറക്കുന്നതിന് 550 ഏക്കര്‍ ഭൂമി സൗജന്യ നിരക്കില്‍ സര്‍ക്കാര്‍ കിറ്റക്‌സിന് നല്‍കിയിരുന്നു. കൂടാതെ ശുദ്ധജലം, വൈദ്യുതി, എന്നിവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുമുണ്ട്. ഒപ്പം തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യവും സര്‍ക്കാര്‍ വാദ്ഗാനം ചെയ്യുന്നു.